Saturday, May 26, 2007

നിശാശലഭം




“രൂപാ.. തു സോ ഗയിഹെ ക്യാ ?...ഹം പഹുംചാ...

സില്‍വിയയുടെ ചോദ്യം കേട്ട രൂപ ഒരു ഞെട്ടലോടെ കണ്ണു തുറന്നു .
ദുബായ് ദു ഗ്രാന്റ് ഹോട്ടലിനുമുന്‍പില്‍ എത്തിയിരിക്കുന്നു.
“ജല്‍ദി ഉതരൊ... ആജ് ഹം ലേറ്റ് ഹൊ ഗയി..
ഇന്നു കരീം ഭായിയുടെ വായീന്ന് ഗാലി മുഴുവനും കേള്‍ക്കേണ്ടിവരും ..
രൂപാ... നീയാണിന്നു ലേറ്റ് ആക്കിയത്... ദുബായിലെ ട്രാഫിക് നിനക്കറിയണതല്ലേ..പ്രത്യേകിച്ചിന്നു വ്യാഴാഴ്ച്ചയയും ..

ബഹളമുണ്ടാക്കി കൊണ്ട് മോണിക്കയും, സില്‍വിയയും, അന്‍ജലിയും ഹോട്ടലിനുള്ളിലേക്കുകയറി, വലതു ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കയറാന്‍ തുടങ്ങി.എന്നും പെട്ടെന്നു റെഡി ആയി ഇവരെ കാത്തുനിന്നിരുന്ന ഞാനിന്നു ലേറ്റായതിനുകാരണം ,ഇറങ്ങുന്നനേരത്താണ് കിരണിന്റെ ഫോണ്‍ വന്നത് . ആ നേര്‍ത്ത ശബ്ദം കാതിലിപ്പോഴും അലയടിക്കുകയാണ്.

“രൂപാ ..ഇപ്പോ എനിക്കു പൊയ്ക്കാലു കൊണ്ടു നടക്കാന്‍ പറ്റുന്നുണ്ട് ....ആദ്യമുണ്ടായിരുന്ന വേദന കുറഞ്ഞു തുടങ്ങി..നമ്മുടെ മോന്റെ കൂടെ ഞാനാണിന്ന് ഹോസ്പ്പിറ്റലില്‍ പോയത് .. അവന്റെ ഓപ്പറേഷന്റെ ഡേറ്റ് ഫിക്സ് ചെയ്തു...നീ... വരില്ലെ ... അവന്‍ നിന്നെ തിരക്കുന്നുണ്ട്...രൂപാ... നീയിനി തിരിച്ചുപോകരുത്..ഇവിടെ എനിക്കുനീയില്ലാതെ .... റിയലി ഐ മിസ്സ് യൂ... ഉള്ളില്‍ വന്ന തേങ്ങലടക്കി കിരണിനോട് വരാമെന്നുറപ്പു നല്‍കുംബോള്‍ മറ്റൊന്നും ആലോചിച്ചില്ല.

രൂപാ... തു ഉദര്‍ ഘടാ ഹെ ക്യാ...
വീണ്ടും സില്‍വിയ അവര്‍ മുകളിലെത്തിക്കഴിഞ്ഞു.വേഗം സ്റ്റെപ്പുകള്‍ കയറി മുകളിലത്തെ റസ്റ്റോറന്റിലും നല്ലതിരക്കുണ്ട്. ഇടതുവശത്തുള്ള കോര്‍ണറില്‍ സ്വര്‍ണ്ണലിപിയില്‍ ഗ്രാന്റ് സിഗര്‍ ബാര്‍ എന്നെഴുതിയ ബോര്‍ഡറിലേക്കു വെറുതെ മിഴികളുയ‍ര്‍ത്തി. ഇവിടത്തെ ബാര്‍ ഡാന്‍സര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരുവര്‍ഷമാകുന്നു.പണക്കാരനല്ലാത്ത കിരണിനെ സ്നേഹിച്ചു കല്ല്യാണം കഴിച്ചതിനു , ഇങ്ങനൊരു മകള്‍ തങ്ങള്‍ക്കില്ലെന്നു പറഞ്ഞ അച്ചനും അമ്മയും.എന്നിട്ടും കലി തീരാതെ ഗുണ്ടകളും ചേട്ടനും ചേര്‍ന്നു കിരണിന്റെ കാലുതല്ലിതകര്‍ക്കുകയായിരുന്നു.ഉണ്ടായിരുന്നതെല്ലാം വിറ്റും കടം വാങ്ങിയും കിരണിനെ ചികിത്സിച്ചു . ഒപ്പം താങ്ങായി ഉണ്ടായിരുന്നത് കിരണിന്റെ പ്രായം ചെന്ന നാനിയും നാനായും ആ‍ണ്.ഇതിനിടയില്‍ ‍ ഒരശനിപാധം കണക്കെ, തങ്ങള്‍ക്കു പിറന്ന മകന്‍ മുന്നയുടെ കൊച്ചുതലച്ചോറില്‍ കാന്‍സര്‍ എന്ന ഭീകരസത്വം അവനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നുവെന്ന സത്യം അറിഞ്ഞത്. ബോംബെ തെരുവിലെ ഗല്ലികളിലൊന്നിലെ കൊച്ചുമുറിയുടെ വാടകയും , രണ്ടുപേരുടെ ‍ ചികിത്സാച്ചിലവും, കടവും കൊണ്ട് വിഷമിച്ചിരുന്ന സമയത്താണ് കിരണിന്റെ കൂട്ടുകാരിലൊരാള്‍ ദുബായിലൊരു സ്കൂളിലെക്കു ഡാന്‍സ് ടീച്ചറുടെ വിസയുണ്ടെന്നു പറഞ്ഞത് . ഇവിടെത്തിയപ്പോഴാണ് ചതി മനസ്സിലായത് തിരിച്ചു പൊകാനാകാതെ ഇത്രയും നാള്‍ പിടിച്ചുനില്‍ക്കുകയായിരുന്നു . ഇവിടെയുള്ള മിക്കവരും എന്നെപോലെ ഒരു തരത്തിലല്ല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ചതിയില്‍പ്പെട്ടവരാണ് .

ചിന്തകള്‍ക്കു വിരാമമിട്ടുകൊണ്ട് അപ്പോഴെക്കും കൊച്ചു ഇടനാഴികപോലെ തോന്നിക്കുന്ന നടപ്പാതയുടെ അറ്റത്തുള്ള ഗ്രീന്‍ റൂമിലെത്തിയിരുന്നു .അവിടെ ചിത്രാ അക്കയും സമീനാ ദിദിയും മേക്കപ്പു ചെയ്യുന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായം ചെന്നവരാണവര്‍.മോണിക്കയും സില്‍വിയയും ഇപ്പൊള്‍ സ്റ്റേജിലെത്തിയിരിക്കും.
“രൂപാ... ആജ് ബി സാഠി ....
തും സൊതി നഹി ഹെ ക്യാ..
തേരി ആംഖോം കെ നീച്ചെ കാലാ രംഗ് ഓര്‍ ബട്താ ദികായാ..ഉദര്‍ മേക്കപ്പ് ഓര്‍ ടാലൊ ബേഠി... “

സമീനാ ദീദിയുടെ വാക്കുകള്‍ക്കു മറുപടിനല്‍കാതെ ഗ്രീന്‍ റൂമില്‍നിന്നും സ്റ്റേജിലെക്കു നടന്നു .അവിടെ ഡാന്‍സ് തുടങ്ങിയിരിക്കുന്നു .സ്റ്റേജിന്റെ ഏറ്റവും പുറകിലായി ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ എല്ലാവരും നിരന്നിരുന്നിരിക്കുന്നു.താനൊഴികെ മറ്റുള്ളവരെല്ലാം പല വര്‍ണ്ണങ്ങളിലുള്ള ചോളിയിലാണ് . ചിലര്‍ ദുപ്പട്ട അണിഞ്ഞിരുന്നില്ല.

യേ.... മേരാ ദില്‍ പ്യാര്‍ കാ ദീവാ‍നാ ............ ‘എന്ന ഗാനത്തിനനുസരിച്ചു നിര്‍ത്തംഅവതരിപ്പിച്ചുകൊണ്ടിരുന്നത് പുതിയ കുട്ടിയാണെന്നു തോനുന്നു.മഞ്ഞ സ്ലീവ് ലെസ്സ് ചോളിയാണു വേഷം . ഗുജറാത്തിയാണെന്നു കണ്ടാലറിയാം നല്ല ഗോതംബിന്റെ നിറമുണ്ടവള്‍ക്ക് ഫാനിന്റെ കാറ്റിലിളകിയാടുന്ന നീളന്‍ മുടിയും അലക്ഷ്യമായ് അണിഞ്ഞിരിക്കുന്ന ദുപ്പട്ടയും കൂടുതല്‍ സുന്ദരിയാക്കുന്നു ‍.കാണികളെ അവള്‍ കൈയിലെടുത്തുകഴിഞ്ഞു.
കരിഷ്മാ.. കരിഷ്മാ ... എന്നു ചിലര്‍ വിളിച്ചു പറയുന്നുണ്ട് .

അരണ്ടവെളിച്ചമുള്ള ആ ഹാളിലെ ടേബിളുകള്‍ക്കു ചുറ്റും ആളുകള്‍ നിറഞ്ഞിരിക്കുന്നു.പകല്‍ മാന്യന്മാരായ മധ്യവയസ്കരാണധികവും .പച്ച സാരിയുടുത്തു മലയാളികളായ രാധയും, ബിന്ദുവും ഓരോ ടേബിളിനടുത്തു ചെന്നു ഒഴിഞ്ഞഗ്ലാസുകളിലേക്കു മദ്യം നിറച്ചുകൊണ്ടിരിക്കുന്നു.
അടുത്ത ഗാനത്തിനും അവളുടെ പേരു തന്നെ നിര്‍ദ്ദേശിച്ചപ്പോള്‍ അനൌണ്‍സ് ചെയ്യുന്ന പ്രിന്‍സിനെ ദയനീയമാക്കി നോക്കി . ഉടനെ അവന്‍ രൂപയും കരിഷ്മയുംകൂടി അടുത്തഡാന്‍സെന്നു അനൌണ്‍സ് ചെയ്തെങ്കിലും ,സാരി ഉടുത്തു കളിക്കുന്ന തന്നെ പതിവുകാര്‍പോലും തിരിഞ്ഞു നോക്കുന്നില്ല. കരിഷ്മയുടെ നേര്‍ക്കു ആളുകള്‍ പോയിന്റ്കാര്‍ഡുകള്‍ എറിയുകയാണ് അതില്‍ 50 ധിര്‍ഹംസ് മുതല്‍ 500 വരെ ഉണ്ടാകും .അതില്‍ നിന്നു നല്ലൊരു പങ്കു ഡാന്‍സറിനും കിട്ടും.
വ്യാഴാഴ്ച്ചകളില്‍ കൂടുതല്‍ കിട്ടാറുണ്ട് . മുന്നയുടെ ഓപ്പറേഷനും, തന്റെ യാത്രക്കുംകൂടി ഇനിയും കുറച്ചു കൂടി കാശു വേണമായിരുന്നു.ഈ വ്യാഴാഴ്ച്ച യാണു തന്റെ ഏക പ്രതീക്ഷ ഇതു നഷ്ടപ്പെട്ടാല്‍ !

‍ അടുത്ത ഡാന്‍സിനും അവളെ തന്നെവിളിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ സ്റ്റേജില്‍നിന്നിറങ്ങി ഗ്രീന്‍ റൂമിലേക്ക് കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു .ആശ്വസിപ്പിക്കാനായി പിറകില്‍ വന്ന സമീനാ ദീദി യുടെ കണ്ണുകളും നിറഞ്ഞിരുന്നു.

“ അരെ പഗ് ലി കിതനി ബാര്‍ കഹാ ധാ നാ..
യേ സാഠി ച്ചോട്കര്‍ . ഇസ് സ്കര്‍ട്ട് പഹന്‍ലൊ..

ദീദിയുടെ കൈയില്‍ പിങ്ക് നിറത്തിലുള്ള ഒരു കൊച്ചു ഉടുപ്പ് ,നിറയെമുത്തുവച്ച കഷ്ടിച്ച് മുട്ടുവരെ ഇറക്കമുള്ള അതിനു സ്ലീവ് ലെസ്സ് കൈ ആ‍ണ് .

‘‘ ജല്‍ദി ബേഠി.. “
സമയം 11 മണിയായിരിക്കുന്നു ഇനിയും 2 മണിക്കൂര്‍ കൂടിയെ ആളുകളുണ്ടാവൂ . ഒരു കുഞ്ഞു തേങ്ങല്‍ വീണ്ടുംകാതിലെക്കു വന്നലച്ചു .

“മമ്മി ..... ജല്‍ദി ആജാ... മമ്മി ..
മുജെ ബഹുത്ത് ദര്‍ദ് ഹൊ രഹാ ..മമ്മി ... “

“രൊ.. മത് ബേഠേ .. ... മേം ജല്‍ദി തെരെ പാസ്സ് ആ‍ഊം ഗി..... മേരെ നന്നാ.. മേരി ലാലി രോ മത്..“

മനസ്സ് കൊണ്ട് കിരണിനോട് മാപ്പുചോദിച്ചു കൊണ്ട് ,ആ ഉടുപ്പണിഞ്ഞ് സ്റ്റേജിലേക്കു കയറി.

ബാബുജീ ...സരാ ധീരെ ചലൊ...
പണ്ടു കുട്ടിയായിരുന്നപ്പോള്‍ പുതിയ ഉടുപ്പണിഞ്ഞു കണ്ണാടിയില്‍ നോക്കി കളിച്ചിരുന്നപോലെ , ഒരു കൊച്ചു ശലഭത്തെ പോലെ സ്വയം മറന്ന് അവള്‍ ആടി. കാണികള്‍ രൂപാ... രൂപാ... എന്നു് വിളിച്ചു കൊണ്ട് അവളുടെ മുകളിലേക്കു കാര്‍ഡുകള്‍ വാരിവിതറാന്‍ തുടങ്ങി...
അടുത്ത ഡാന്‍സും അവളുടെതു തന്നെ .

ദര്‍വാസ്സാ... ബന്ദ് കര്‍ പ്യാര്‍ കര്‍ ലൂം...


Monday, May 7, 2007

ഒരു വേനല്‍ മഴയില്‍


ഒരു ഏപ്രില്‍ മാസത്തിലെ അവസാനത്തെ ശനിയാഴ്ച്ച ഒരു നാല് മണിയായിക്കാണും പുറത്ത് മീനച്ചൂടിന്റെ അതി കാടിന്യവും ഉള്ളില്‍ ഡിഗ്രി ആദ്യ വര്‍ഷത്തെ പരീക്ഷയുടെ ചൂടും പേറി ഫിസിക്സ് റ്റൂഷനും കഴിഞ്ഞു മടങ്ങി വരുകയായിരുന്നു . ഗേറ്റിലെത്തിയപ്പോള്‍ തന്നെ കണ്ടു
വീടിന്റെ വടക്കുഭാഗത്തുള്ള മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലിരുന്ന് മാധവനാശാരി love birds ന് കൂടുണ്ടാക്കുകയാണ്. നിറയെ ശാഖകളോടുകൂടിയ അതിന്റെ ചുവട്ടില്‍ നല്ല തണലുണ്ട് .വീടിനോടു ചേര്‍ന്നു നില്‍ക്കുന്ന അതില്‍‍ നിറയെ മൂപ്പെത്തിയ മാങ്ങകള്‍ ആണ് . അക്കൊല്ലം മാങ്ങ കരാര്‍ കൊടുത്തിരുന്ന കാദര്‍ക്ക മാര്‍ക്കറ്റ് വില കുറവായതുകൊണ്ട് പറിച്ചു കൊണ്ടുപോയിരുന്നില്ല. അണ്ണാനും കാക്കകളും കഴിച്ച മാങ്ങകളുടെ ബാക്കി ഓരോ ചെറിയ കാറ്റിലും ഇടക്കിടെ വീണു കൊണ്ടിരിക്കുന്നു .

കൂടിന്റെ പണി തീര്‍ത്തിട്ടെ ഭക്ഷണം കഴിക്കൂ എന്നുവിചാരിച്ചിട്ടാവാം
ഉമ്മറത്ത് വിളംബി വച്ച ചോറ് ആറി തണുത്തുതുടങ്ങീട്ടും കഴിക്കാതെ പണിയില്‍ മുഴുകിയിരിക്കുകയാണ് മാധവന്‍ ചേട്ടന്‍ . പ്രായമായിരിക്കുന്നു .പണിയുണ്ടോന്ന്ചോദിച്ച് ‍ രാവിലെ വന്നതാണ് . ഒരു കാല‍ത്ത് മാധവനാശാരിയെ പണിക്ക് കിട്ടാന്‍ ആളുകള്‍ ക്യൂ നില്‍ക്കണമായിരുന്നു.‍ നല്ല പണിക്കാരനുമാണ് . എന്തോ പെട്ടെന്ന് അയാളുടെ ഭാര്യ ശാന്ത ചേച്ചിയുടെ മുഖം ഓര്‍മ്മ വന്നു. ഞാനന്ന് ‍അന്‍ജ്ജില്‍ പഠിക്കുകയാണ് . പുതിയതായി നീട്ടിയെടുത്ത വീടിന്റെ ഉമ്മറത്തിനു മരപ്പണിക്കു വന്നതും മാധവാനാശാരിയായിരുന്നു. ഉച്ചക്കു മാധവേട്ടനു കഴിക്കാനുള്ള ഭക്ഷണവുമായിവരുന്ന ശാന്ത ചേച്ചിക്ക് , പെണ്‍കുട്ടികളില്ലാത്തതുകൊണ്ട് ഞങ്ങളെ വലിയ ഇഷ്ടവുമായിരുന്നു.ഒരു കടലാസു പൊതിയില്‍ പാരിസ് മിട്ടായിയും പല വര്‍ണ്ണത്തിലുള്ള കപ്പലണ്ടി മിട്ടായിയും ഞങ്ങള്‍ക്കു അവര്‍ കരുതീട്ടുണ്ടാവും . ഉമ്മയോട് വര്‍ത്തമാനം പറയുന്നതിനിടയില്‍ അവര്‍ ഇടക്കിടെ ജാക്കറ്റിന്റെ മുകളില്‍ അണിഞ്ഞതോര്‍ത്തെടുത്ത് കണ്ണു തുടക്കുന്നുണ്ടാവും . അന്തിക്കള്ളു തലക്കു പിടിച്ചു തലെന്നാള് മാധവന്‍ ചേട്ടന്‍ നല്‍കിയ സമ്മാനങ്ങള്‍ വെളുത്ത അവരുടെ മുഖത്തും പുറത്തും നീലച്ചു കിടന്നിരുന്നു.തിരിച്ചുപോകാന്‍ നേരത്ത് താത്ത (ചേച്ചി) യുടെ നീണ്ടകോലന്‍ മുടി നാലിഴ പിന്നി കുഞ്ചലവും തൂക്കി ഭംഗിയില്‍ കെട്ടികൊടുക്കും. മുടി കുറവായ എനിക്കവര്‍ ചുവന്ന റിബ്ബണ്‍ കൊണ്ട് റാ പോലെ കെട്ടിതരുമായിരുന്നു.വേദനയില്‍ പൊതിഞ്ഞ ഒരു ചിരി സമ്മാനിച്ച് ഗേറ്റ് കടന്നു അവര്‍ മറയുന്നകാഴ്ച്ച ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു . പാവം , എന്നും മാധവന്‍ ചേട്ടന്റെ പ്രഹരമേറ്റ് , അതിന്റെ ആരോഗ്യം നശിച്ചു കഴിഞ്ഞ വര്‍ഷം മരിച്ചൂന്ന് അയാള്‍ പറഞ്ഞപ്പോഴാണ് അറിയുന്നത് .ഇപ്പോള്‍ അയാള്‍ക്കുള്ളില്‍ കുറ്റബോധം ഉണ്ട് . ‍ മക്കളും മരുമക്കളും ശരിക്ക് കഷ്ടപ്പെടുത്തുന്നുമുണ്ട്. ഇയാളിത് അര്‍ഹിക്കുന്നതായിരുന്നതു കൊണ്ട് കേട്ടപ്പോള്‍ അയാളോടൊരു സഹതാപവുംതോന്നിയില്ല.


ഇക്കയുടെ ഹോബിയിലൊന്നാണ് love birds നെ വളര്‍ത്തല്‍ .നല്ലൊരു കൂടുണ്ടാക്കാന്‍ ഏല്‍പ്പിച്ച് ഇക്ക രാവിലെ കൂട്ടുകാരെ കാണാന്‍ പോയി. രണ്ടുദിവസത്തെ അവധിക്കുവന്നതാണ് ഡി. ഫാം പഠനം കഴിഞ്ഞു കൊയംബത്തൂരില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുകയാണ് ഇക്കയും താത്തയും.‍ രണ്ടുപേരും ഒരുമിച്ചാണ് പഠിച്ചത് . അന്ന് താത്ത ഹോസ്റ്റലീന്ന് വന്നിരുന്നില്ല. അനിയത്തി അന്ന് ചിന്മയ സ്കൂളില്‍ ഒംബതാം ക്ലാസില്‍ പഠിക്കുന്നു. ശനിയാഴ്ച്ചയും അവള്‍ക്കു ക്ലാസ്സുണ്ട്. അത്താണി മെഡിക്കല്‍ കോളേജില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന വാപ്പയും വരുന്നതു സന്ധ്യ കഴിഞ്ഞാണ്. അന്നു വീ‍ട്ടില്‍ ഞാനും ഉമ്മയും മാത്രമാണുണ്ടാര്‍ന്നത് .


പെട്ടെന്നാണ് വെയില്‍ മങ്ങിയത് , പുറത്തുവന്നു നോക്കിയപ്പോള്‍ ആകാശത്ത് ഇരുള്‍ മൂടിയ കുഞ്ഞു മേഘങ്ങള്‍ പടിഞ്ഞാറു നിന്നും കൂട്ടംകൂട്ടമായി കിഴക്കുഭാഗത്തേക്കു ഒഴുകികൊണ്ടിരിക്കുകയാണ്. ഒപ്പം വന്ന കുസ്രിതികാറ്റില്‍ ഇളകിയാടുന്ന മരച്ചില്ലകള്‍ മെല്ലെ ഉരസിയുണ്ടാക്കുന്ന മര്‍മ്മരവും കേള്‍ക്കുന്നുണ്ട് . അസമയത്ത് പ്രതീക്ഷിക്കാതെ ഇരുട്ടുപടര്‍ന്നതുകൊണ്ടാവാം ഇര തേടിപ്പോയിരുന്ന പക്ഷികളും കൂട്ടമായി മടങ്ങുന്നു. ഇടക്കൊരു പക്ഷി തിരിച്ചു പറന്നു .... തന്റെ കൂട്ടുകാരിയെ അന്വേഷിച്ചാവും . പിറകില്‍ വരുന്നകൂട്ടത്തില്‍ പിന്നിട് അവരുണ്ടായിരിന്നിരിക്കാം . അപ്പോഴേക്കും കുഞ്ഞു മേഘങ്ങള്‍ വലുതായി കറുത്ത മലപോലെയായി ക്കഴിഞ്ഞിരുന്നു . കാറ്റിനെ കൂട്ടുപിടിച്ചു ഒരു ഇരംബലോടെ ചാറ്റല്‍ മഴ വരണ്ടുണങ്ങിയിരുന്ന ഭൂമിയിലേക്കുപതുക്കെ പതിക്കാന്‍ തുടങ്ങി . പുതുജീവന്‍ കിട്ടിയ സന്തോഷത്തില്‍ പുല്‍ക്കൊടികള്‍ പതുക്കെ മിഴിതുറന്നു.


മഴവരുംബോള്‍ അന്നും പതിവുപോലെ ഞാന്‍ തട്ടിന്‍പുറത്തെ എന്റെ മുറിയിലെ പാതിജീര്‍ണ്ണിച്ച ജനലഴിയില്‍ മുഖം ചേര്‍ത്തുവച്ച് .... മേല്‍ക്കൂരയിലെ ഓട്ടിന്‍പുറത്തുനിന്നും ഉമ്മറത്തെ ആസ്ബറ്റോസ് ഷീറ്റിലേക്കുവീഴുന്ന മഴച്ചാലുകളേനൊക്കിയിരിന്നു....

പുതുമഴ നനഞ്ഞ മണ്ണിന്റെ മണം പിന്നെയും പിന്നെയും ആസ്വദിച്ച് ..

ഊത്താലകൊണ്ട് കൊണ്ട് തണുത്ത ജനലഴിയിലൂടെ അരിച്ചിറങ്ങുന്ന മഴയുടെ സ്നിഗ്തത കവിളിലേക്കു പ്രവഹിക്കുംബോള്‍ മനസ്സും തണുക്കുന്നുണ്ടായിരുന്നു....

പെട്ടെന്ന് മേഘങ്ങള്‍ക്കിടയില്‍ ശാഖകളോടുകൂടിയ ഒരു വേര് പ്രത്യക്ഷപ്പെട്ടു .കൂടെ ഭയാനകമായ ഒരു ശബ്ദവും .പിന്നെ കേട്ടത് ഓട്ടിന്‍പുറത്തേക്കു മറ്റൊരു മഴയായ് പെയ്യുന്ന‍ മാങ്ങകളുടെ ഠപ് ഠപ് ശബ്ദമാണ്. ഒരു തലനാരിഴയുടെ വ്യത്യാസത്തിലാണ് മേല്‍ക്കൂരക്കുമുകളില്‍ പതിക്കുമായിരുന്ന‍ മാവിന്റെ ശാഖ തെന്നിനീങ്ങിയത്. ഇല്ലായിരുന്നുവെങ്കില്‍ മണ്‍ച്ചുമര്‍കൊണ്ടുണ്ടാക്കിയിരുന്ന പഴയപത്തായപ്പുരയുടെ തട്ടിന്‍പുറവും ഞാനും ആ മഴക്കൊപ്പം

അന്നു ...ഒരോര്‍മ്മയായെനെ.


ഇന്നു ഞാന്‍ പിച്ചവച്ചു നടന്ന ആ പഴയപത്തായപ്പുരയും . അസ്തമയസൂര്യന്റെ ചുവപ്പും, വെളുപ്പാര്‍ന്ന നിലാവുകളും ,ഒരു പാടു മഴക്കാഴ്ച്ചകളും സമ്മാനിച്ച എന്റെ ജനാലയും .മധുരമുള്ള മാംബഴക്കാലത്തിന്റെ ഓര്‍മയായ മൂവാണ്ടന്‍ മാവും എനിക്കു മായാത്ത ഓര്‍മ്മകള്‍‍ മാത്രം .

പകരം പണികഴിപ്പിച്ച ഇരുനില

കോണ്‍ക്രീറ്റുമാളികയിലെ ഇരുംബിന്റെ ജനാലക്കു തരാനാകുമൊ ? ......

ആ ‍പഴയ പാതി ജീര്‍ണ്ണിച്ച ‍മര ജനാലയുടെ അതെ സ്നിഗ്തത....