“രൂപാ.. തു സോ ഗയിഹെ ക്യാ ?...ഹം പഹുംചാ...
സില്‍വിയയുടെ ചോദ്യം കേട്ട രൂപ ഒരു ഞെട്ടലോടെ കണ്ണു തുറന്നു .
ദുബായ് ദു ഗ്രാന്റ് ഹോട്ടലിനുമുന്‍പില്‍ എത്തിയിരിക്കുന്നു.
“ജല്‍ദി ഉതരൊ... ആജ് ഹം ലേറ്റ് ഹൊ ഗയി..
ഇന്നു കരീം ഭായിയുടെ വായീന്ന് ഗാലി മുഴുവനും കേള്‍ക്കേണ്ടിവരും ..
രൂപാ... നീയാണിന്നു ലേറ്റ് ആക്കിയത്... ദുബായിലെ ട്രാഫിക് നിനക്കറിയണതല്ലേ..പ്രത്യേകിച്ചിന്നു വ്യാഴാഴ്ച്ചയയും ..
ബഹളമുണ്ടാക്കി കൊണ്ട് മോണിക്കയും, സില്‍വിയയും, അന്‍ജലിയും ഹോട്ടലിനുള്ളിലേക്കുകയറി, വലതു ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കയറാന്‍ തുടങ്ങി.എന്നും പെട്ടെന്നു റെഡി ആയി ഇവരെ കാത്തുനിന്നിരുന്ന ഞാനിന്നു ലേറ്റായതിനുകാരണം ,ഇറങ്ങുന്നനേരത്താണ് കിരണിന്റെ ഫോണ്‍ വന്നത് . ആ നേര്‍ത്ത ശബ്ദം കാതിലിപ്പോഴും അലയടിക്കുകയാണ്.
“രൂപാ ..ഇപ്പോ എനിക്കു പൊയ്ക്കാലു കൊണ്ടു നടക്കാന്‍ പറ്റുന്നുണ്ട് ....ആദ്യമുണ്ടായിരുന്ന വേദന കുറഞ്ഞു തുടങ്ങി..നമ്മുടെ മോന്റെ കൂടെ ഞാനാണിന്ന് ഹോസ്പ്പിറ്റലില്‍ പോയത് .. അവന്റെ ഓപ്പറേഷന്റെ ഡേറ്റ് ഫിക്സ് ചെയ്തു...നീ... വരില്ലെ ... അവന്‍ നിന്നെ തിരക്കുന്നുണ്ട്...രൂപാ... നീയിനി തിരിച്ചുപോകരുത്..ഇവിടെ എനിക്കുനീയില്ലാതെ .... റിയലി ഐ മിസ്സ് യൂ... ഉള്ളില്‍ വന്ന തേങ്ങലടക്കി കിരണിനോട് വരാമെന്നുറപ്പു നല്‍കുംബോള്‍ മറ്റൊന്നും ആലോചിച്ചില്ല.
രൂപാ... തു ഉദര്‍ ഘടാ ഹെ ക്യാ...
വീണ്ടും സില്‍വിയ അവര്‍ മുകളിലെത്തിക്കഴിഞ്ഞു.വേഗം സ്റ്റെപ്പുകള്‍ കയറി മുകളിലത്തെ റസ്റ്റോറന്റിലും നല്ലതിരക്കുണ്ട്. ഇടതുവശത്തുള്ള കോര്‍ണറില്‍ സ്വര്‍ണ്ണലിപിയില്‍ ഗ്രാന്റ് സിഗര്‍ ബാര്‍ എന്നെഴുതിയ ബോര്‍ഡറിലേക്കു വെറുതെ മിഴികളുയര്‍ത്തി. ഇവിടത്തെ ബാര്‍ ഡാന്‍സര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരുവര്‍ഷമാകുന്നു.പണക്കാരനല്ലാത്ത കിരണിനെ സ്നേഹിച്ചു കല്ല്യാണം കഴിച്ചതിനു , ഇങ്ങനൊരു മകള്‍ തങ്ങള്‍ക്കില്ലെന്നു പറഞ്ഞ അച്ചനും അമ്മയും.എന്നിട്ടും കലി തീരാതെ ഗുണ്ടകളും ചേട്ടനും ചേര്‍ന്നു കിരണിന്റെ കാലുതല്ലിതകര്‍ക്കുകയായിരുന്നു.ഉണ്ടായിരുന്നതെല്ലാം വിറ്റും കടം വാങ്ങിയും കിരണിനെ ചികിത്സിച്ചു . ഒപ്പം താങ്ങായി ഉണ്ടായിരുന്നത് കിരണിന്റെ പ്രായം ചെന്ന നാനിയും നാനായും ആണ്.ഇതിനിടയില്‍ ഒരശനിപാധം കണക്കെ, തങ്ങള്‍ക്കു പിറന്ന മകന്‍ മുന്നയുടെ കൊച്ചുതലച്ചോറില്‍ കാന്‍സര്‍ എന്ന ഭീകരസത്വം അവനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നുവെന്ന സത്യം അറിഞ്ഞത്. ബോംബെ തെരുവിലെ ഗല്ലികളിലൊന്നിലെ കൊച്ചുമുറിയുടെ വാടകയും , രണ്ടുപേരുടെ ചികിത്സാച്ചിലവും, കടവും കൊണ്ട് വിഷമിച്ചിരുന്ന സമയത്താണ് കിരണിന്റെ കൂട്ടുകാരിലൊരാള്‍ ദുബായിലൊരു സ്കൂളിലെക്കു ഡാന്‍സ് ടീച്ചറുടെ വിസയുണ്ടെന്നു പറഞ്ഞത് . ഇവിടെത്തിയപ്പോഴാണ് ചതി മനസ്സിലായത് തിരിച്ചു പൊകാനാകാതെ ഇത്രയും നാള്‍ പിടിച്ചുനില്‍ക്കുകയായിരുന്നു . ഇവിടെയുള്ള മിക്കവരും എന്നെപോലെ ഒരു തരത്തിലല്ല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ചതിയില്‍പ്പെട്ടവരാണ് .
ചിന്തകള്‍ക്കു വിരാമമിട്ടുകൊണ്ട് അപ്പോഴെക്കും കൊച്ചു ഇടനാഴികപോലെ തോന്നിക്കുന്ന നടപ്പാതയുടെ അറ്റത്തുള്ള ഗ്രീന്‍ റൂമിലെത്തിയിരുന്നു .അവിടെ ചിത്രാ അക്കയും സമീനാ ദിദിയും മേക്കപ്പു ചെയ്യുന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായം ചെന്നവരാണവര്‍.മോണിക്കയും സില്‍വിയയും ഇപ്പൊള്‍ സ്റ്റേജിലെത്തിയിരിക്കും.
“രൂപാ... ആജ് ബി സാഠി ....
തും സൊതി നഹി ഹെ ക്യാ..
തേരി ആംഖോം കെ നീച്ചെ കാലാ രംഗ് ഓര്‍ ബട്താ ദികായാ..ഉദര്‍ മേക്കപ്പ് ഓര്‍ ടാലൊ ബേഠി... “
തേരി ആംഖോം കെ നീച്ചെ കാലാ രംഗ് ഓര്‍ ബട്താ ദികായാ..ഉദര്‍ മേക്കപ്പ് ഓര്‍ ടാലൊ ബേഠി... “
സമീനാ ദീദിയുടെ വാക്കുകള്‍ക്കു മറുപടിനല്‍കാതെ ഗ്രീന്‍ റൂമില്‍നിന്നും സ്റ്റേജിലെക്കു നടന്നു .അവിടെ ഡാന്‍സ് തുടങ്ങിയിരിക്കുന്നു .സ്റ്റേജിന്റെ ഏറ്റവും പുറകിലായി ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ എല്ലാവരും നിരന്നിരുന്നിരിക്കുന്നു.താനൊഴികെ മറ്റുള്ളവരെല്ലാം പല വര്‍ണ്ണങ്ങളിലുള്ള ചോളിയിലാണ് . ചിലര്‍ ദുപ്പട്ട അണിഞ്ഞിരുന്നില്ല.
യേ.... മേരാ ദില്‍ പ്യാര്‍ കാ ദീവാനാ ............ ‘എന്ന ഗാനത്തിനനുസരിച്ചു നിര്‍ത്തംഅവതരിപ്പിച്ചുകൊണ്ടിരുന്നത് പുതിയ കുട്ടിയാണെന്നു തോനുന്നു.മഞ്ഞ സ്ലീവ് ലെസ്സ് ചോളിയാണു വേഷം . ഗുജറാത്തിയാണെന്നു കണ്ടാലറിയാം നല്ല ഗോതംബിന്റെ നിറമുണ്ടവള്‍ക്ക് ഫാനിന്റെ കാറ്റിലിളകിയാടുന്ന നീളന്‍ മുടിയും അലക്ഷ്യമായ് അണിഞ്ഞിരിക്കുന്ന ദുപ്പട്ടയും കൂടുതല്‍ സുന്ദരിയാക്കുന്നു .കാണികളെ അവള്‍ കൈയിലെടുത്തുകഴിഞ്ഞു.
കരിഷ്മാ.. കരിഷ്മാ ... എന്നു ചിലര്‍ വിളിച്ചു പറയുന്നുണ്ട് .
അരണ്ടവെളിച്ചമുള്ള ആ ഹാളിലെ ടേബിളുകള്‍ക്കു ചുറ്റും ആളുകള്‍ നിറഞ്ഞിരിക്കുന്നു.പകല്‍ മാന്യന്മാരായ മധ്യവയസ്കരാണധികവും .പച്ച സാരിയുടുത്തു മലയാളികളായ രാധയും, ബിന്ദുവും ഓരോ ടേബിളിനടുത്തു ചെന്നു ഒഴിഞ്ഞഗ്ലാസുകളിലേക്കു മദ്യം നിറച്ചുകൊണ്ടിരിക്കുന്നു.
അടുത്ത ഗാനത്തിനും അവളുടെ പേരു തന്നെ നിര്‍ദ്ദേശിച്ചപ്പോള്‍ അനൌണ്‍സ് ചെയ്യുന്ന പ്രിന്‍സിനെ ദയനീയമാക്കി നോക്കി . ഉടനെ അവന്‍ രൂപയും കരിഷ്മയുംകൂടി അടുത്തഡാന്‍സെന്നു അനൌണ്‍സ് ചെയ്തെങ്കിലും ,സാരി ഉടുത്തു കളിക്കുന്ന തന്നെ പതിവുകാര്‍പോലും തിരിഞ്ഞു നോക്കുന്നില്ല. കരിഷ്മയുടെ നേര്‍ക്കു ആളുകള്‍ പോയിന്റ്കാര്‍ഡുകള്‍ എറിയുകയാണ് അതില്‍ 50 ധിര്‍ഹംസ് മുതല്‍ 500 വരെ ഉണ്ടാകും .അതില്‍ നിന്നു നല്ലൊരു പങ്കു ഡാന്‍സറിനും കിട്ടും.
വ്യാഴാഴ്ച്ചകളില്‍ കൂടുതല്‍ കിട്ടാറുണ്ട് . മുന്നയുടെ ഓപ്പറേഷനും, തന്റെ യാത്രക്കുംകൂടി ഇനിയും കുറച്ചു കൂടി കാശു വേണമായിരുന്നു.ഈ വ്യാഴാഴ്ച്ച യാണു തന്റെ ഏക പ്രതീക്ഷ ഇതു നഷ്ടപ്പെട്ടാല്‍ !
അടുത്ത ഡാന്‍സിനും അവളെ തന്നെവിളിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ സ്റ്റേജില്‍നിന്നിറങ്ങി ഗ്രീന്‍ റൂമിലേക്ക് കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു .ആശ്വസിപ്പിക്കാനായി പിറകില്‍ വന്ന സമീനാ ദീദി യുടെ കണ്ണുകളും നിറഞ്ഞിരുന്നു.
“ അരെ പഗ് ലി കിതനി ബാര്‍ കഹാ ധാ നാ..
യേ സാഠി ച്ചോട്കര്‍ . ഇസ് സ്കര്‍ട്ട് പഹന്‍ലൊ..
ദീദിയുടെ കൈയില്‍ പിങ്ക് നിറത്തിലുള്ള ഒരു കൊച്ചു ഉടുപ്പ് ,നിറയെമുത്തുവച്ച കഷ്ടിച്ച് മുട്ടുവരെ ഇറക്കമുള്ള അതിനു സ്ലീവ് ലെസ്സ് കൈ ആണ് .
‘‘ ജല്‍ദി ബേഠി.. “
സമയം 11 മണിയായിരിക്കുന്നു ഇനിയും 2 മണിക്കൂര്‍ കൂടിയെ ആളുകളുണ്ടാവൂ . ഒരു കുഞ്ഞു തേങ്ങല്‍ വീണ്ടുംകാതിലെക്കു വന്നലച്ചു .
“മമ്മി ..... ജല്‍ദി ആജാ... മമ്മി ..
മുജെ ബഹുത്ത് ദര്‍ദ് ഹൊ രഹാ ..മമ്മി ... “
“രൊ.. മത് ബേഠേ .. ... മേം ജല്‍ദി തെരെ പാസ്സ് ആഊം ഗി..... മേരെ നന്നാ.. മേരി ലാലി രോ മത്..“
മനസ്സ് കൊണ്ട് കിരണിനോട് മാപ്പുചോദിച്ചു കൊണ്ട് ,ആ ഉടുപ്പണിഞ്ഞ് സ്റ്റേജിലേക്കു കയറി.
ബാബുജീ ...സരാ ധീരെ ചലൊ...
പണ്ടു കുട്ടിയായിരുന്നപ്പോള്‍ പുതിയ ഉടുപ്പണിഞ്ഞു കണ്ണാടിയില്‍ നോക്കി കളിച്ചിരുന്നപോലെ , ഒരു കൊച്ചു ശലഭത്തെ പോലെ സ്വയം മറന്ന് അവള്‍ ആടി. കാണികള്‍ രൂപാ... രൂപാ... എന്നു് വിളിച്ചു കൊണ്ട് അവളുടെ മുകളിലേക്കു കാര്‍ഡുകള്‍ വാരിവിതറാന്‍ തുടങ്ങി...
അടുത്ത ഡാന്‍സും അവളുടെതു തന്നെ .
ദര്‍വാസ്സാ... ബന്ദ് കര്‍ പ്യാര്‍ കര്‍ ലൂം...