Saturday, June 30, 2007

മോഹക്കുമിളകള്‍

ഒരു പാട് മോഹങ്ങളുടെ, അല്ല വ്യാമോഹങ്ങളുടെ ഒരു നീണ്ട പട്ടിക
എന്റെ ബാല്യ മോഹങ്ങള്‍
കുഞ്ഞൂന്നാളില്‍ ഞാനേറെ മോഹിച്ചിരുന്നത് , റോസാപ്പൂവിന്റെ നിറവും ,സ്വര്‍ണ്ണതലമുടിയും, തിളങ്ങുന്ന നീല മിഴികള്‍ ഇടക്കിടെ അടക്കുകയും തുറക്കുകയും ചെയ്യുന്ന പാവകുട്ടിയെ ആയിരുന്നു.സ്വപ്നത്തില്‍ ഞാനവള്‍ക്കു മുടിചീകിയും, ഉടുപ്പുമാറ്റിയും , മാമൂട്ടിയും ,ഉറക്കിയും ദിവസങ്ങള്‍ കഴിച്ചു.പക്ഷെ ഒരിക്കലും സഫലീകരിക്കാതെ എന്റെ പാവകുട്ടി മോഹം ഒരു മഴക്കുമിള പോലെ പൊട്ടിപ്പോയിരുന്നു.

എന്റെ പഠന മോഹങ്ങള്‍
പഠിക്കുമ്പോള്‍ ക്ലാസിലെന്നും ഒന്നാമതാവണമെന്നായിരുന്നു എന്റെ മോഹം ,അങ്ങനെ പത്താംക്ലാസില്‍ ഒരു റാങ്ക് വാങ്ങി ടീച്ചര്‍മാരും കൂട്ടുകാരും പൂച്ചെണ്ടുമായി വന്ന് അനുമോദിക്കുന്നതും , പത്രത്തിലും, ടി.വി യിലുമൊക്കെ എന്റെ ഫൊട്ടോയും വാര്‍ത്തയും കണ്ട് ആഹ്ലാദം കൊണ്ട് കണ്ണീര്‍ പൊഴിക്കുന്ന എന്റെ ഉമ്മയും വാപ്പയും. അവരെനിക്കു ആവശ്യപ്പെടുന്നതെല്ലാം വാങ്ങിതരുന്നത് ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. എനിക്കു ഭാഗ്യമില്ലാഞ്ഞിട്ടാണൊ അതോ ഞാന്‍ പഠിക്കാന്‍ മോശമായിട്ടോ ആ സ്വപ്നവും സഫലീകരിക്കാതെ കുമിള കണക്കെ പൊട്ടിപ്പോയി...

എന്റെ സാഹിത്യ മോഹങ്ങള്‍

പൂമ്പാറ്റയും ,ബാലരമയും, ബാലമംഗളവും വായിക്കാന്‍ കൊതിച്ച് അടുത്ത വീടുകളില്‍ കറങ്ങി നടക്കുന്നതിനിടയില്‍ അവിടത്തെ ചേട്ടന്‍ മാരും ചേച്ചിമാരും പാതിവായിച്ച് മടക്കിവക്കുന്ന വലിയ പുസ്തകങ്ങള്‍ ആരുമറിയാതെ വായിച്ചു തുടങ്ങിയതു മുതല്‍ , മാധവികുട്ടിയുടെ ബാലാമണിയും, എം.ടിയുടെ അപ്പുണ്ണിയും ,ബഷീറിന്റെ പാത്തുമ്മയും എന്റെ സ്വപ്നത്തിലെ കളിക്കൂട്ടുകാരായി . മാധവികുട്ടിയെ പോലെ ബാല്യകാലസ്മരണകള്‍ എഴുതുന്നതും അങ്ങനെ ചില അവാര്‍ഡുകള്‍ വാങ്ങിയും ചിലത് നിരസിച്ചും വിവാദങ്ങള്‍ ഉണ്ടാക്കിയും പ്രശസ്തയാകുന്നത് ഞാന്‍ സ്വപ്നത്തില്‍ കണ്ടു. പക്ഷെ ഞാനെഴുതിയതൊന്നും വെളിച്ചം കണ്ടില്ലെന്നു മാത്രമല്ല, പഠിക്കുന്ന സമയത്ത് നോവലുകള്‍ വായിക്കുന്നത് കണ്ടുപിടിച്ച ഉമ്മയുടെ ചൂരല്‍ പ്രയോഗത്തിനു മുന്നില്‍ എന്റെ സാഹിത്യസ്വപ്നങ്ങളും ഞാന്‍ മുന്‍പു പറഞ്ഞ കുമിള പോലെ പൊട്ടിപ്പോയി...

എന്റെ പ്രണയ മോഹങ്ങള്‍

ചെറുപ്പത്തില്‍ തന്നെ പല പ്രണയങ്ങള്‍ക്കു സാക്ഷിയാകെണ്ടിവന്നതിനാലാവാം, മുട്ടത്തുവര്‍ക്കിയുടെയും മല്ലികായൂനസിന്റെയും, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും പൈങ്കിളിനോവലുകളിലെ നായകന്‍ മാരുടെ ഗുണങ്ങളുള്ള ,ഏറ്റുമാനൂറിന്റെ കഥയിലെ ഗന്ധര്‍വ്വനെ ഞാന്‍ പ്രണയിച്ചു തുടങ്ങി, വെള്ളാരങ്കണ്ണുകളും സ്വര്‍ണ്ണതലമുടിയും ഉള്ള അവന്‍ എന്നെ മാത്രം കാണാനായി നിലാവുള്ള രാത്രികളില്‍ തൂവെള്ള കുതിരപ്പുറത്ത് മഞ്ഞുമലകളിറങ്ങി വരുന്നത് ഞാന്‍ സ്വപ്നം കണ്ടു. പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയിലെപോലെ, യുഗ്മഗാനവും പാടി കെമിസ്ട്രി ലാബിലും എഴുത്തു പരീക്ഷകളിലും അവനെന്നെ സഹായിക്കുന്നതായി ഞാന്‍ മനോരാജ്യം കണ്ടു. പക്ഷേ ആരെയും അറിയിക്കാതിരുന്ന എന്റെ പ്രണയത്തിനും മറ്റു പ്രണയങ്ങളെപ്പോലെ കുമിളയുടെ അയുസ്സെ ഉണ്ടായിരുന്നുള്ളു...

എന്റെ കരിയര്‍ മോഹങ്ങള്‍

പ്രീഡിഗ്രിക്കു സെക്കന്റ് ഗ്രൂപ്പെടുത്തു തൃശൂരില്‍ എണ്ട്രന്‍സിനു ചെര്‍ന്നപ്പോള്‍ മുതല്‍ കഴുത്തില്‍ കുഴലുമായി നടക്കുന്ന ഡോക്ടറായിരുന്നു എന്റെ സ്വപ്നം നിറയെ. രണ്ടുതവണ എഴുതിയിട്ടും എണ്ട്രന്‍സ് കടമ്പ കടക്കാതിരുന്നപ്പോള്‍ എന്നത്തെയും പോലെ ആ സ്വപ്നവും എന്റെ ഭാഗ്യമൊ നിര്‍ഭാഗ്യമൊ സഫലീകരിക്കപ്പെട്ടില്ല. എന്നാല്‍ ഒരു ടീച്ചറെങ്കിലും ആവാമെന്നു കരുതി ബി,എഡും എടുത്തു ഗള്‍ഫിലേക്കു വന്ന ഞാനിവിടെ ഒരു പരസ്യകമ്പനിക്കു വേണ്ടി മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടിവ് അയി ജോലിചെയ്യുന്നു .എന്നിട്ടും സ്വപ്നത്തിനൊരു കുറവുമില്ല . കമ്പനി എംഡി തന്ന ടാര്‍ജറ്റും മറികടന്ന് ഒരു ഇങ്ക്രിമന്റും, എല്ലാ മാസവും ഇന്‍സന്റീവ്സും അതും കുമിളയെ പ്പോലെ ആകുമൊ...കണ്ടറിയണം

എന്റെ ബ്ലോഗു മോഹങ്ങള്‍

ഓഫീസിലൊരു പകല്‍ ,യാതൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്തയില്‍ കണ്ണുകളുടക്കി അതില്‍ നിന്നും കൊടകര പുരാണത്തെക്കുറിച്ചറിഞ്ഞ് , ബ്ലോഗു വായന തൂടങ്ങി . ദുബായില്‍ നിന്നും കൊടകരയിലേക്കു ഞാന്‍ മിനിറ്റുകള്‍കൊണ്ട് ദിവസവും യാത്ര നടത്തുകയായിരുന്നു. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും പാരവപ്പും അടങ്ങിയ കമന്റുകളില്‍ നിന്ന് മറ്റു ബ്ലോഗുകളിലെക്കും യാത്ര തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ കുഴിച്ചു മൂടിയ എന്റെ സാഹിത്യ സ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകു മുളച്ചു.അങ്ങനെ ഞാനും ഒരു ബ്ലോഗുകാരിയായി . ഇപ്പോള്‍ ഞാന്‍ സ്വപ്നം കാണുന്നത് എന്റെ കഥക്കു മറ്റുള്ളവര്‍ക്കാര്‍ക്കും കിട്ടാത്തത്ര കമന്റുകള്‍ കിട്ടണമെന്നും അങ്ങനെ അവസാനം എന്റെ എല്ലാ കഥകളുടെയും സമാഹാരം പബ്ലിഷ് ചെയ്യാന്‍ കറന്റ് ബുക്സും,ഡിസി ബുക്സുമൊക്കെ വന്ന് അപേക്ഷിക്കുമ്പോള്‍ പ്രശസ്തി എനിക്കു വേണ്ടെന്നു പറഞ്ഞ് അവരെ നിരാശരാക്കി തിരിച്ചയക്കൂന്നതാണ്, ഇതു അതിമോഹമോ... വ്യാമോഹമോ...എന്തെങ്കിലുമാകട്ടെ മോഹിച്ചുപോയി

ഇതെഴുതി തീര്‍ന്നപ്പോള്‍ വീണ്ടും ഒരു മോഹം ഇതിനെങ്കിലും ഒരു നൂറു കമന്റ് കിട്ടണെന്ന് പ്രിയ ബ്ലോഗു വായനക്കാരെ എന്റെ ഈ സ്വപ്നമെങ്കിലും കുമിള പോലെ പൊട്ടാതിരിക്കുമല്ലോ അല്ലേ ...

Thursday, June 7, 2007

മുഖമില്ലാതെ



മേശപ്പുറത്തിരിക്കുന്ന കത്തിലേക്കു വീണ്ടും നോക്കാന്‍ അയാള്‍ അശക്തനായിരുന്നു. ആരായിരിക്കാം ഇതെഴുതുന്നത്.കത്തില്‍ പറഞ്ഞതെല്ലാം സത്യമായിരിക്കുമൊ? ജഗ്ഗിലിരുന്ന വെള്ളം മുഴുവനും കുടിച്ചിട്ടും ദാഹം ഇനിയും മാറിയിരുന്നില്ല .എയര്‍ കണ്ടീഷണറിന്റെ തണുപ്പു കൂട്ടി വച്ചു അയാള്‍ കിടക്കയിലിരുന്നു . ദുബായിലെ എത്തിസലാത്ത് എന്ന കമ്പനിയില്‍ ചീഫ് അക്കൌണ്ടന്റിലേക്കുള്ള തന്റെ വളര്‍ച്ചയില്‍ അനുഭവിച്ചതൊന്നും അത്ര സുഖമുള്ളതായിരുന്നില്ല. 27 വര്‍ഷങ്ങള്‍ക്കു മുമ്പ് കൂട്ടുകാരനുമൊത്ത് ,ആടിന്റെ മണമുള്ള കള്ളലാഞ്ചിയില്‍ കയറി യാത്ര തിരിച്ചപ്പോള്‍ , അമൂല്യമായി ആകെ കൈയിലുണ്ടായിരുന്നത് കഷ്ടപ്പാടിലും നേടിയെടുത്ത പത്താക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് ആയിരുന്നു.കഷ്ടിച്ചൊന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ, വിശപ്പിന്റെയും ദാഹത്തിന്റെയും കൊടുമുടി കണ്ടനാളുകള്‍ക്കവസാനം, ദൂരെ പൊട്ടുപോലെ കാണുന്ന കരയെ ലക്ഷ്യമാക്കി നീന്തുമ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടപ്പിറപ്പുകളുടെ മുഖങ്ങളായിരുന്നു തനിക്കു കരുത്തു നല്‍കിയത് . അവരുടെ പ്രാത്ഥനയുടെ ഫലമായിരിക്കാം , പരിചയപ്പെട്ട ഒരു സായിപ്പിന് ഇഷ്ടപ്പെടുകയും അവരുടെ വേലക്കാരനയി തന്നെ നിയമിച്ചതും . നാളുകള്‍ക്കു ശേഷം സായിപ്പ് ജോലി മതിയാക്കി തിരിച്ചു സ്വന്തം നാട്ടിലേക്ക് പോകാനിരിക്കെ തന്ന ഒരു പിയൂണ്‍ ജോലിയുടെ അപ്പോയിന്‍മെന്റ് ലെറ്റര്‍ ആണ് ഇന്ന് തന്നെ ഇവിടെ വരെ എത്തിച്ചതും. കിട്ടുന്ന ശമ്പളം മുഴുവനും നാട്ടിലെക്കയച്ചു കൊണ്ടിരുന്നപ്പോഴും ,മകന്‍ സമ്പാദിക്കുന്നത് കഷ്ടപ്പെട്ടാണെന്നു തിരിച്ചറിവുള്ള അച്ചന്‍ ആ പണമത്രയും ഭൂസ്വത്തായി മാറ്റി തന്റെ പേരിലാക്കാന്‍ മറന്നിരുന്നില്ല. ഇതിനിടയില്‍ സഹോദരങ്ങളെ അഭിമാനപൂര്‍വ്വം ഒരു കരക്കെത്തിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യവും. തന്റെ ആഗ്രഹങ്ങള്‍ മാറ്റിവച്ചു അച്ചന്‍ കണ്ടുവച്ച പെണ്‍കുട്ടിയുമായി ജീവിതം പങ്കിടുന്നതിനിടയില്‍ ,അവളെ അന്ധമായി സ്നേഹിച്ചതിനും വിശ്വസിച്ചതിനും പകരമായി നഷ്ടപ്പെടുത്തിയത് വാര്‍ദ്ദക്യത്തിന്റെ അസ്വസ്തഥയിലും ആ‍ദ്യം പിറന്ന മൂന്ന് പെണ്‍മക്കള്‍ക്കു താഴെയായി ഒരാണ്‍കുട്ടിയുണ്ടായിക്കാണാന്‍ വഴിപാടുകളും നേര്‍ച്ചയും ആയികഴിഞ്ഞിരുന്ന അമ്മയെയും അച്ചനെയും സഹോദരങ്ങളെയും ആയിരുന്നു . അതിന്റെ ശാപമായിട്ടായിരുന്നിരിക്കണം അമ്മയെ അവസാനമായി കാണാനൊ മൂത്തമകനായിട്ടുപോലും ചിതക്കു തീ കൊളുത്താനൊ കഴിയാതെ പോയത്. ആണ്‍കുട്ടിപിറന്നതില്‍ അഹങ്കരിച്ചതാവാം പിന്നീടും തെറ്റുകള്‍ താന്‍ ആവര്‍ത്തിക്കുകയായിരുന്നു. തനിക്കു വേണ്ടിമാത്രം കഷ്ടപ്പെട്ടിരുന്ന അച്ചനെയും ഭാര്യാപിതാവിന്റെ നിര്‍ബന്ധത്തില്‍ വഴങ്ങി വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു .നിറഞ്ഞ കണ്ണുകളോടെ ഒരുതാങ്ങെന്നോണം വടി നിലത്തു കുത്തി അച്ചന്‍ പടിയിറങ്ങിയ കാഴ്ച്ച പെട്ടെന്ന് ഇതുവരെ ഉണ്ടാക്കാത്ത ഒരു വിഷമംഅയാളില്‍ ഉടലെടുത്തു. ഹൃദയതകരാറിന്റെ ആരംഭം തന്നിലുണ്ടെന്നറിഞ്ഞതു മുതല്‍ നിര്‍ത്തി വച്ച ആകെയുള്ള ദുശ്ശീലമായ സിഗരറ്റ് വലി അയാള്‍ വീണ്ടും തുടങ്ങി. കത്തിനെക്കുറിച്ചുള്ള ഓര്‍മ്മ വീണ്ടും അയാളെ അലോസരപ്പെടുത്തി. നല്ല വിദ്യാഭ്യാസം നല്‍കി ഒരുപാട് പ്രതീക്ഷയോടെ വളര്‍ത്തുന്ന തന്റെ പെണ്‍മക്കള്‍ രണ്ടുപേരും പ്രണയത്തിലാ‍ണെന്നും മറ്റുമുള്ള കത്തുകള്‍ ആദ്യമൊക്കെ അയാള്‍ അവഗണിച്ചിരുന്നു . ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടക്കു കിട്ടിയ ചില സൂചനകള്‍ കത്തുകള്‍ക്കു ബലം നല്‍കുന്നവയാണെന്നു തിരിച്ചറിഞ്ഞതുമുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നു . ഇന്നു വന്ന കത്തില്‍ മുഴുവനും തന്റെ ഭാര്യയെയും താനേറെ സ്നേഹിക്കുന്ന സഹോദരനെക്കുറിച്ചും അയിരുന്നതിനാല്‍ അയാളാകെ തളര്‍ന്നു. പെട്ടെന്നു അനുഭവപ്പെട്ട നെഞ്ചുവേദനയും വല്ലാതെ വിയര്‍ക്കാനും തുടങ്ങിയ അയാള്‍ സ്ഥിരമായി കഴിക്കാറുള്ള ഗുളികകള്‍ എടുക്കാന്‍ എഴുന്നെറ്റത് മാത്രമെ ഓര്‍മ്മയിലുണ്ടായിരുന്നുള്ളൂ . പിന്നിട് ബോധം വരുമ്പോള്‍ ഒരു മേജര്‍ അറ്റാക്ക് കഴിഞ്ഞു സൂക്ഷ്മനിരീക്ഷണത്തിനു വിധേയനായി ദുബായിലെ ഒരു ഹോസ്പിറ്റലിലാണെന്നു മനസ്സിലാക്കാന്‍ അധികം സമയമെടുക്കേണ്ടിവന്നില്ല. കഴിഞ്ഞതവണത്തെ ചെക്കപ്പിനു ചെന്നപ്പോള്‍ സൂചിപ്പിച്ച ശസ്ത്രക്രിയ ഇനിയും വൈകിക്കരുതെന്ന ഡോക്ടറുടെ കര്‍ശ്ശന നിര്‍ദ്ദേശപ്രകാരം രണ്ടുമാസത്തെ ലീവില്‍ അയാള്‍ നാട്ടിലെക്കു തിരിച്ചു.എയര്‍പോര്‍ട്ടില്‍ നിന്നും നേരത്തെ ബുക്ക് ചെയ്തപ്രകാരം പ്രശസ്തമായ അമര്‍ദാനന്ദമയീ ഹോസ്പിറ്റലില്‍ വന്നിറങ്ങി. വിദഗ്ധപരിശോധനക്കു ശേഷം ഓപ്പറെഷന്‍ തിയതിയും ഉറപ്പിച്ചു വീട്ടിലെക്കു മടങ്ങി. ഓപ്പറേഷനു പോകുന്നതിനു മുമ്പ് മക്കളെ അടുത്തു വിളിച്ചു ഉപദെശിച്ചു നേരെയാക്കാന്‍ അയാള്‍ വൃധാ ഒരു ശ്രമം നടത്തി നോക്കി. സ്വത്തെല്ലാം ഭാര്യയുടെയും മക്കളുടെയും പേരിലാക്കാന്‍ ഓടിനടക്കുന്ന അമ്മായിഅച്ചനെയും ഭാര്യയെയും അയാള്‍ നിരാശരാക്കിയില്ല. തന്റെ വീട്ടില്‍ നിന്നിറങ്ങിയ ശേഷം തറവാട്ടില്‍ ഒറ്റക്കു കഴിഞ്ഞിരുന്ന അച്ചനെ കാണണമെന്ന് അയാള്‍ക്കു തോന്നി. നീണ്ട ഇടവഴിയവസാനിക്കുന്ന പൂപ്പല്‍ പിടിച്ച ചവിട്ടുപടി കയറി ,ഇടിഞ്ഞു വീഴാറായ പടിപ്പുരയും കടന്ന് അയാളാദ്യം ചെന്നത് വിടിന്റെ തെക്കുഭാഗത്തായുള്ളഅമ്മയുടെ അസ്ഥിത്തറയിലേക്കായിരുന്നു .ഒരു മഴക്കാലത്തു സഹോദരനെ പ്രസവിച്ചു കിടന്നിരുന്ന അമ്മക്കു കിടക്കാനായി ,കുറച്ചകലെയുള്ള ചെറിയമ്മയുടെ വീട്ടില്‍ നിന്നും പത്തുവയസ്സുകാരനായ താന്‍ തനിയെ കയറ്റുകട്ടില്‍ ചുമന്നുകൊണ്ടുവന്നതും ,അടുക്കള ജോലിയില്‍ അമ്മയെ സഹായിച്ചിരുന്നതുംഎല്ലാം അയാളോര്‍ത്തു. അത്രക്കു സ്നേഹിച്ചിരുന്ന തന്റെ അമ്മയെ അവസാനം താന്‍ വെറുത്തതില്‍ അയാള്‍ക്കു പശ്ചാതാപം തോന്നി. പെട്ടെന്ന് വന്ന ഒരു ഇളം തെന്നലില്‍ അമ്മയുടെ സാമിപ്യവും അയാള്‍ തിരിച്ചറിഞ്ഞൂ. അമ്മയുടെ ശരീരത്തില്‍ നിന്നും വരുന്ന കാച്ചെണ്ണയുടെ മണം അവിടെ തങ്ങി നില്‍ക്കുന്നതയാള്‍ക്കനുഭവപ്പെട്ടു. ഉമ്മറത്തു മുഷിഞ്ഞ ചാരുകസേരയില്‍ പാതി മയക്കത്തിലായിരുന്ന അച്ചന്റെ കാലില്‍ വീണു മാപ്പു പറഞ്ഞ അയാളെ നെറുകില്‍ കൈവച്ചനുഗ്രഹിക്കുമ്പോള്‍ അച്ചന്റെ കൈ വിറക്കുന്നുണ്ടായിരുന്നു .അച്ചന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണിരിന്റെ ചൂടില്‍ സ്വയം ഉരുകുന്നതയാളറിഞ്ഞു . ഉമ്മറവാതിലിനു പിറകില്‍ നിന്നും വിധവയായ പെങ്ങളുടെ നേര്‍ത്തതേങ്ങല്‍ കേട്ടില്ലെന്നുനടിച്ചു തിരിഞ്ഞു നോക്കാതെ അയാള്‍ തറവാട്ടില്‍ നിന്നിറങ്ങി ... ... ഇനിയൊരിക്കലും മടങ്ങിവരാത്ത അവസാന യാത്രയിലേക്ക്...