Saturday, August 18, 2007

കൊച്ചേച്ചിയും തുമ്പപ്പൂക്കളും





“മോളെ... നീ.. എവിടെ പോകുന്നു? “

കോളേജില്‍ നിന്നും വന്ന ഉടനെ ബാഗു മേശപ്പുറത്തേക്ക് ഇട്ടു ആദ്യം അടുക്കളയില്‍ കയറി വിശപ്പകറ്റുന്നതിനുപകരം പതിവിനു വിപരീതമായിപുറത്തേക്ക് ഇറങ്ങുന്നത് കണ്ട് ഉമ്മ അദ്ഭുതത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.വീട്ടില്‍ നിന്നും കുറച്ചകലെയുള്ള “മഠത്തില്‍ “എന്ന് പേരു കേട്ട തറവാട്ടിലേക്കാണ് ഞാന്‍ പോകുന്നത് എന്നറിഞ്ഞാല്‍ ,അതും ഈ മൂവന്തി നേരത്ത് ഒരിക്കലും ഉമ്മ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നതു കൊണ്ട് മാമന്റെ വീട്ടിലെക്കെന്ന് കള്ളം പറഞ്ഞ് വേഗത്തില്‍ ഗേറ്റ് കടന്നു റോ‍ഡിലെക്കിറങ്ങി.
ഭാഗ്യത്തിനു വഴിയില്‍ പരിചയക്കാരാരും ഉണ്ടായിരുന്നില്ല . ഒരുവിശദീകരണത്തില്‍ നിന്നും രക്ഷപ്പെട്ടുഎന്നാശ്വസിച്ചുകൊണ്ട് നടത്തത്തിനു വേഗത കൂട്ടുമ്പോള്‍ മനസ്സു നിറയെ, മഠത്തിലെ പടിഞ്ഞാറേ മുറ്റത്ത് ഓണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടാറുള്ള വെള്ളപ്പുതപ്പു പോലെ പരന്നു കിടന്നിരുന്ന തുമ്പപൂക്കളായിരുന്നു .പിന്നെ തുമ്പപൂക്കളെ ഏറെ സ്നേഹിച്ചിരുന്ന, മനസ്സില്‍ അതെ നൈര്‍മല്യമുണ്ടായിരുന്ന കൊച്ചേച്ചിയും`. ആ തറവാട്ടിലെ ശാരധാമ്മുമ്മയുടെ രണ്ടാമത്തെ മകളായിരുന്നു കൊച്ചേച്ചി. കുട്ടിക്കാലത്ത് കൊച്ചേച്ചീടെ അടൂത്തായിരുന്നു ഞങ്ങള്‍ കുട്ടികളെല്ലാവരും ട്യൂഷനായി പോയിരുന്നത് . ഉയരം കൂറഞ്ഞ മെല്ലിച്ച ശരീരവുമായിരുന്നെങ്കിലും അവരുടെ മുഖത്ത് സദാ പ്രസന്നത കളിയാടിയിരുന്നു. ചെറുപ്പത്തില്‍ വളരെ സുന്ദരിയായിരുന്നു കൊച്ചേച്ചി എന്ന് വീട്ടിലെല്ലാവരും പറയുമായിരുന്നു. പെട്ടെന്നായിരുന്നത്രെ അവരുടെ വളര്‍ച്ച മുരടിച്ചത്. പുലര്‍ച്ചയിലും വൈകുന്നേരങ്ങളിലും ഒരു പൂകൊട്ടയും കൈയില്‍ പിടിച്ച് അമ്പലത്തിലേക്ക് അവര്‍ പോകുന്നത് ഞങ്ങളുടെ വീടിനടുത്തൂടെയായിരുന്നു. ഞാന്‍ പക്ഷെ, കുറെ നാളായിരുന്നു കൊച്ചേച്ചിയെ കണ്ടിട്ട്. ട്യൂഷന്‍ നിര്‍ത്തിയതിനു ശേഷം ആ തറവാട്ടിലേക്ക് പിന്നീട് ഞാന്‍ പോയിട്ടില്ലായിരുനു.

പിറ്റെ ദിവസം കോളേജില്‍ നടക്കുന്ന പൂക്കളമത്സരത്തിനു ഞങ്ങളുടെ ടീമാംഗങ്ങള്‍ ഒരേ പോലെ സമ്മതിച്ച ഒരു കാര്യമായിരുന്നു . കടയില്‍ നിന്നും വാങ്ങുന്ന ഇന്‍സ്റ്റന്റ് പൂക്കള്‍ക്ക് പകരം നാടന്‍ പൂക്കള്‍ കൊണ്ട് ഒരു പൂക്കളം .അതിനായി നല്ലൊരു സ്കെച്ചും ഞങ്ങള്‍ തയ്യാറാക്കി കഴിണ്‍ജിരുന്നു ചെമ്പരത്തിയും,പിച്ചിയും കാശിതുമ്പയും, മുക്കുറ്റിയും ചെണ്ടുമല്ലിയും അങ്ങനെ ഒരുമാതിരി എല്ലാ പൂക്കളും ഓരോരുത്തരായി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.അവസാനം തന്റെ ഊഴം വന്നപ്പോള്‍ തുമ്പപ്പൂക്കള്‍ ഏല്‍ക്കാന്‍ എനിക്കൊട്ടും ആലോചിക്കേണ്ടിവന്നിരുന്നില്ല .

മെയിന്‍ റോഡില്‍ നിന്നും പണിക്കരുടെ പലചരക്ക് കടയുടെ അടുത്തുള്ള ഇടുങ്ങിയ ഇടവഴിയിലേക്ക് ഞാന്‍ കയറി. ഇരുവശങ്ങളീലും കവുങ്ങുകളും. തെങ്ങുകളും നിറഞ്ഞ പറമ്പായിരുന്നു. ഇരുള്‍ പടര്‍ന്ന ആ ഇടവഴിയിലൂടെ തനിച്ചു നടക്കാന്‍ എനിക്ക് ഭയം തോന്നിയിരുന്നു . ചെറുകാറ്റില്‍ ഊയലാടുന്ന കവുങ്ങുകള്‍ തമ്മില്‍ കൂട്ടിയുരസിയുണ്ടാകുന്ന മര്‍മ്മരവും എന്റെ ഭയം കൂട്ടിയിരുന്നു.ഞാന്‍ പിന്നെയും നടത്തത്തിന് വേഗത കൂട്ടി. ആ ഇടവഴി വന്നു ചേരുന്നത് ഒരു നാലിടവഴികള്‍ ഒന്നിച്ചു ചേരുന്ന വഴിയിലായിരുന്നു . ഞങ്ങളുടെ നാട്ടിലെഇടവഴികളെല്ലാം അതു ചെന്നു ചെരുന്ന തറവാടുകളുടെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. എപ്പോഴും ഇങ്ലീഷ് മാത്രം സംസാരിക്കുന്ന വെളുത്ത നീണ്ട താടിയുള്ള ഇങ്ലീഷ് മേനൊന്റെ ഇടവഴിയിലൂടെ ഞാന്‍ നടക്കാന്‍ തുടങ്ങി. വീണ്ടും ഇടത്തോട്ടു തിരിഞ്ഞു "കാ" വീട്ടുകാരുടെ ഇടവഴിയിലെക്ക് കയറി . ആ നീണ്ട ഇടവഴി എത്തിചേരുന്നത് മഠത്തിലെക്കാണ്.ഇടവഴിയുടെ ഇടതു വശത്ത് വീടുകളായിരുന്നതു കൊണ്ട് എന്റെ ഭയവും മാറിയിരുന്നു .
വലതുവശത്ത് എന്റെ മാമന്റെ പറമ്പാണ് കീഴാട്ട് വളപ്പ് എന്നാണ് ആ പറമ്പിനെ വിളിച്ചിരുന്നത്. കാടു പിടിച്ചു കിടക്കുന്ന ആ പറമ്പിലേക്ക് ഞാന്‍ ഭയത്തോടെയാണ് നോക്കിയത്. മീശയുള്ള ഒരു പച്ചില പാമ്പ് ആ പറമ്പിലുണ്ടെന്ന് ഈയടുത്ത് പറഞ്ഞു കേട്ടിരുന്നു.പലരെയും അത് പറന്ന് കൊത്താന്‍ വന്നിരുന്നത്രെ.ആകെ രണ്ടു മാവുകളാണ് ആ പറമ്പിലുണ്ടായിരുന്നത് .ശിഖരങ്ങള്‍ പര്‍സ്പരം പീണച്ച് എപ്പോഴും ആലിംഗനാബദ്ദരായി ഒരു കൊടുങ്കാറ്റിനും ഞങ്ങളെ വേര്‍പിരിക്കാനാവില്ല എന്ന മട്ടില്‍ ഇരിക്കുന്ന കിളിച്ചുണ്ടന്‍ മാവും നീലന്‍ മാവും. അവരിപ്പൊഴും അങ്ങിനെ തന്നെയുണ്ട്. കുട്ടിക്കാലത്ത് ,താഴെക്കു തൂങ്ങി നില്‍ക്കുന്ന അവരുടെ ശിഖരങ്ങളില്‍ ഊഞ്ഞാലാടുക ഞങ്ങളുടെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു. കൂട്ടുകാരുമായി ഒളിച്ചു കളിച്ചും, വിശന്നു തളരുമ്പോള്‍ എറിഞ്ഞ് വീഴ്ത്തി കഴിച്ചിരുന്ന മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകളില്‍ മുഴുകി നടക്കെ ഞാന്‍ മഠത്തിന്റെ പടിക്കലെത്തിയതറിഞ്ഞില്ല. മുമ്പുണ്ടായിരുന്ന നാല് വരി നീണ്ട മുളപ്പടിക്ക് പകരം കൂറ്റന്‍ ഗേറ്റ് വച്ചിരിക്കുന്നു. ഗേറ്റ് തുറന്ന് അകത്തുകടന്ന ഞാന്‍ ആദ്യം ചെന്നത് പടിഞ്ഞാറെ മുറ്റത്തേക്കായിരുന്നു .അവിടെ കണ്ട കാഴ്ച്ച എന്നെ നടുക്കി. തുമ്പ പൂക്കള്‍ നിന്നിരുന്ന സ്ഥലത്ത് പുതിയ വീടു പണിയാന്‍ വേണ്ടിയായിക്കണം ചതുരത്തില്‍ മണ്ണ് നികത്തിയിരിക്കുന്നു. വിഷമത്തോടെ തിരിച്ച് നടക്കാന്‍ തുനിഞ്ഞ മുറ്റത്ത് നിന്ന് പരുങ്ങുന്ന എന്നെ അപ്പോഴെക്കും ശാരദാമ്മൂമ്മയുടെ മൂത്ത മകള്‍ കുമാരി ചേച്ചി കണ്ടിരുന്നു.
“എന്താ... കുട്ടി അവിടെ തന്നെ നില്‍ക്കുന്നത് കയറി വരൂന്ന്...“
അപ്പോഴേക്കും അവരുടെ മക്കളായ കണ്ണനും സുഗുണേച്ചിയും പൂമുഖത്തേക്ക് വന്നിരുന്നു. . വിശേഷങ്ങളൊക്കെ ചോദിച്ചു കൊണ്ട് അവര്‍ എന്റെ ചുറ്റും കൂടിയിരുന്നു. ഇതിനിടയില്‍ കൊച്ചേച്ചിയെ കാണാഞ്ഞ് ഞാന്‍ അവരോട് അന്വേഷിച്ചു പെട്ടെന്നെല്ലാവരുടെയും മുഖം മങ്ങിയിരുന്നു. എന്റെ ചോദ്യത്തിനു മറുപടിയായി അവരെന്നെ അകത്തളത്തിലേക്ക് കൊണ്ടുപോയി. വേദനിക്കുന്ന കാഴ്ച്ചയാണ് എനിക്കവിടെ കാണാന്‍ കഴിഞ്ഞത് .കൊച്ചേച്ചിയെ ഒരു കട്ടിലില്‍ വാഴയിലയില്‍ കിടത്തിയിരിക്കുന്നു. ഊറാമ്പുലി വിഷം തീണ്ടി ദേഹമാസകലം വ്രണം കൊണ്ട് മൂടിയിരിക്കുന്നു.. കുഴിഞ്ഞ കണ്ണുകളും , ഒന്നുകൂടി സ്ഥൂലിച്ച ദേഹവുമായി കിടക്കുന്ന കൊച്ചേച്ചിയെ തിരിച്ചറിയാന്‍ സഹായിച്ചത് അവരുടെ തിളക്കമാര്‍ന്ന മുഖമായിരുന്നു. എന്നെ കണ്ടതും അവര്‍ അവരുടെ നിറഞ്ഞ മിഴികള്‍ പതുക്കെ ജനലിനപ്പുറത്തേക്ക് മീട്ടി. അവിടേക്ക് നോക്കിയ ഞാന്‍ എന്റെ കണ്ണുകളെ വിശ്വസിപ്പിക്കാന്‍ പ്രയാസപ്പെട്ടിരുന്നു. അവര്‍ കിടന്നിരുന്ന ജനലിനു വെളീയില്‍ കുറച്ചകലെയായി കൈതക്കാടു നിറഞ്ഞ പൊട്ടകുളത്തിനരികെ നിറയെ തുമ്പപ്പൂക്കള്‍ വിരിഞ്ഞിരിക്കുന്നു.
അതിനപ്പുറം കണ്ണെത്താത്തത്രയും ദൂരത്തില്‍ നിറകതിരുകള്‍നിറഞ്ഞ വയലുകളാണ്. അകലെ കുന്നിന്‍ ചെരുവിലൂടെ പകലിലോട് വിട പറഞ്ഞ് മറയുന്ന സൂര്യന്റെ സ്വര്‍ണ്ണ വര്‍ണ്ണം ‍ തുമ്പപൂക്കളില്‍ മഴവില്ലുകള്‍ വിരിയിക്കുകയാണ് .

കണ്ണനെയും കൂട്ടി തുമ്പപൂക്കള്‍ പറിച്ച് മടങ്ങുന്നതിനിടയില്‍ ഒരു പിടി പൂക്കള്‍ ജനാലയിലൂടെ കൊച്ചേച്ചിക്ക് നല്‍കാന്‍ ഞാന്‍ മറന്നിരുന്നില്ല.അപ്പോഴാ കണ്ണുകളിലുണ്ടായിരുന്ന തിളക്കവും മുഖത്തെ പ്രകാശവും തുമ്പപൂക്കളേക്കാള്‍ മനോഹരമായിരുന്നു.

പുലര്‍കാലങ്ങളില്‍ വേലിക്കരികിലെ മുക്കുറ്റിപൂക്കളില്‍ നിന്നിറ്റിറ്റുവീഴുന്ന മഴത്തുള്ളികളുടെ സംഗീതവും , കൊയ്ത്തുപാട്ടിന്റ ഈരടിയും , മുള ഊഞ്ഞാലിന്‍ താരാട്ട് പാട്ടും, മന‍സ്സില്‍ നിറയെ സംഗീതം നിറച്ചിരുന്ന ആ നല്ല ഓണനാളുകളെ മറവിയുടെ ഏതോ താളുകളില്‍ നിന്ന് പൊടിതട്ടിയെടുക്കാന്‍ നടത്തിയ ഒരു ശ്രമം .

19 comments:

വേഴാമ്പല്‍ said...

പുലര്‍കാലങ്ങളില്‍ വേലിക്കരികിലെ മുക്കുറ്റിപൂക്കളില്‍ നിന്നിറ്റിറ്റുവീഴുന്ന മഴത്തുള്ളികളുടെ സംഗീതവും , കൊയ്ത്തുപാട്ടിന്റ ഈരടിയും , മുള ഊഞ്ഞാലിന്‍ താരാട്ട് പാട്ടും, മന‍സ്സില്‍ നിറയെ സംഗീതം നിറച്ചിരുന്ന ആ നല്ല ഓണനാളുകളെ മറവിയുടെ ഏതോ താളുകളില്‍ നിന്ന് പൊടിതട്ടിയെടുക്കാന്‍ നടത്തിയ ഒരു ശ്രമം .

ഗിരീഷ്‌ എ എസ്‌ said...

വേഴാമ്പല്‍...
ആര്‍ദ്രമായൊരെഴുത്ത്‌...
ദുഖത്തിന്റെ മുഖഛായയായിരുന്നു ഈ അനുഭവക്കുറിപ്പിലെ കൊച്ചേച്ചിക്ക്‌...
അത്‌ പറയാനുപയോഗിച്ച പ്രതലം ഓണം കൂടിയാകുമ്പോള്‍ വിചാരിച്ചതിനെക്കാള്‍ സുന്ദരം...
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ തന്നെയാണ്‌ ഓണക്കാലം...
കളിക്കൂട്ടുകാരും ചേച്ചിമാരുമെല്ലാം...ആ ഓര്‍മ്മകളിലെ കഥാപാത്രങ്ങളാകാറുമുണ്ട്‌...

എത്ര പറഞ്ഞാലും വിരസമാകാത്ത ഈ ഉത്സവകാലത്ത്‌ ഇങ്ങനെയൊരു പോസ്റ്റ്‌ അനിവാര്യം..

അഭിനന്ദനങ്ങള്‍...

വേഴാമ്പല്‍ said...

ദ്രൌപതി, വന്നതിലും അഭിപ്രായം പറഞ്ഞതിലും ന്നന്ദി.

Rasheed Chalil said...

ഓണച്ചിത്രത്തിനിടയിലെ ഈ കൊച്ചേച്ചിയുടെ ചിത്രവും ഗ്രാമീണ ബിംബങ്ങള്‍ നിറഞ്ഞ അവതരണവും അസ്സലായിരിക്കുന്നു.

സുല്‍ |Sul said...

ഒരു നൊമ്പരം പിന്നെയും ബാക്കിയാവുന്നു.
-സുല്‍

വേഴാമ്പല്‍ said...

ഇത്തിരി മാഷെ, സുല്‍ നന്ദി വീണ്ടും വരിക.

ശ്രീ said...

നന്നായിരിക്കുന്നു...
ഓണാശംസകള്‍‌!

swaram said...

ഞാന്‍ പല രാത്രികളിലും ഞെട്ടി ഉണരാറുണ്ട്. അവധികാലത്ത് വയലില്‍ ഒന്നിച്ചു കളിച്ച കൂട്ടുകാരും, കുട്ടിക്കലത്ത് അലഞ്ഞു നടന്ന കുന്നിന്‍പുറവും,വിജനമായ പറമ്പും പുഴയോരവും.അസ്വസ്ഥമാകുന്ന മനസ്സ്. ഇന്ന് വിജനമായ പറമ്പില്ല, വയലുകള്‍ നികത്തി ഭാഗം ചെയ്യപ്പെട്ടിരിക്കുന്നു.തനിച്ച് നടക്കാന്‍ പേടിയാണ് നാട്ടിന്‍ പുറത്ത്..എങ്നും പഴമയുടേ, നന്മയുടെ എല്ലാത്തിനുമപ്പുറം ജീവനോടെ കുഴിച്ചുമൂടപ്പെട്ട ഒരു നല്ലകാലത്തിന്റെ ദീനരോദനമാണ്.പ്രകൃതിയുടെ മരണവും, മനസ്സിന്റെ വല്ലാത്തൊരു വീര്‍പ്പുമുട്ടലും ഒക്കെയായപ്പോള്‍ വേഴാംബലിന്റെ എഴുത്തിന് നന്മയുടെ ഗ്രാമീണ്യമായ ഒരു സുഖം. അസ്സലായിരിക്കുന്നു.

വേഴാമ്പല്‍ said...

ശ്രീ, സ്വരം ഒത്തിരി നല്ല വക്കുകള്‍ക്ക് നന്ദി.

കരീം മാഷ്‌ said...

നന്നായി,
ഓണക്കാലം ഓര്‍മ്മകളുടെ കാലം.
ഓര്‍മ്മപൂക്കളുടെ കാലം.
മനസ്സിന്റെ മണിമുറ്റത്തു
ഓര്‍മ്മപൂക്കളമിടുന്ന കാലം.

നൊമ്പരപ്പൂക്കളമിടുന്ന പ്രവാസിയുടെ നൊസ്റ്റാള്‍ജിയക്കാലം.

വേഴാമ്പല്‍ said...

കരീം മാഷെ ,
ഈ പ്രവാസിയുടെ നൊമ്പര‍പൂക്കളം അലങ്കരിക്കാന്‍
വന്നതിന് നന്ദി.

ലേഖാവിജയ് said...

നന്നായിരിക്കുന്നു.എനിക്കുമുണ്ടൊരു കൊച്ചേച്ചി.ഗൃഹാതുരസ്മരണകളില്‍ മനസ്സിനെ മേയാന്‍ വിടുക എന്റെയും ശീലമാണു.ഇനിയും എഴുതൂ. ആശംസകള്‍!

ഉപാസന || Upasana said...
This comment has been removed by the author.
nabacker said...

this is really a short story

Sherlock said...

വേഴാമ്പലേ....നല്ല എഴുത്ത്.... ഇപ്പോ എന്തു പറ്റി?..പുതിയ പോസ്റ്റൊന്നും ഇല്ലേ?...അതോ ഉയിര്ത്തെഴുന്നേറ്റ സാഹിത്യ സ്വപ്നങ്ങള്‍ വീണ്ടും നടുവൊടിഞ്ഞു താഴേ വീണോ?

ഉപാസന || Upasana said...

കരയാനായി കണ്ണീര്‍ ബാക്കിയില്ലല്ലോ വേഴാമ്പല്‍...
Mind Touching post.
:-(
Upaasana

Lajeev said...

കൊള്ളാം...

നന്നായി ആസ്വദിച്ചു... :)

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://payakappal.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Bijoy said...
This comment has been removed by the author.