ഒരു പാട് മോഹങ്ങളുടെ, അല്ല വ്യാമോഹങ്ങളുടെ ഒരു നീണ്ട പട്ടിക
എന്റെ ബാല്യ മോഹങ്ങള്‍
കുഞ്ഞൂന്നാളില്‍ ഞാനേറെ മോഹിച്ചിരുന്നത് , റോസാപ്പൂവിന്റെ നിറവും ,സ്വര്‍ണ്ണതലമുടിയും, തിളങ്ങുന്ന നീല മിഴികള്‍ ഇടക്കിടെ അടക്കുകയും തുറക്കുകയും ചെയ്യുന്ന പാവകുട്ടിയെ ആയിരുന്നു.സ്വപ്നത്തില്‍ ഞാനവള്‍ക്കു മുടിചീകിയും, ഉടുപ്പുമാറ്റിയും , മാമൂട്ടിയും ,ഉറക്കിയും ദിവസങ്ങള്‍ കഴിച്ചു.പക്ഷെ ഒരിക്കലും സഫലീകരിക്കാതെ എന്റെ പാവകുട്ടി മോഹം ഒരു മഴക്കുമിള പോലെ പൊട്ടിപ്പോയിരുന്നു.
എന്റെ പഠന മോഹങ്ങള്‍
പഠിക്കുമ്പോള്‍ ക്ലാസിലെന്നും ഒന്നാമതാവണമെന്നായിരുന്നു എന്റെ മോഹം ,അങ്ങനെ പത്താംക്ലാസില്‍ ഒരു റാങ്ക് വാങ്ങി ടീച്ചര്‍മാരും കൂട്ടുകാരും പൂച്ചെണ്ടുമായി വന്ന് അനുമോദിക്കുന്നതും , പത്രത്തിലും, ടി.വി യിലുമൊക്കെ എന്റെ ഫൊട്ടോയും വാര്‍ത്തയും കണ്ട് ആഹ്ലാദം കൊണ്ട് കണ്ണീര്‍ പൊഴിക്കുന്ന എന്റെ ഉമ്മയും വാപ്പയും. അവരെനിക്കു ആവശ്യപ്പെടുന്നതെല്ലാം വാങ്ങിതരുന്നത് ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. എനിക്കു ഭാഗ്യമില്ലാഞ്ഞിട്ടാണൊ അതോ ഞാന്‍ പഠിക്കാന്‍ മോശമായിട്ടോ ആ സ്വപ്നവും സഫലീകരിക്കാതെ കുമിള കണക്കെ പൊട്ടിപ്പോയി...
എന്റെ സാഹിത്യ മോഹങ്ങള്‍
പൂമ്പാറ്റയും ,ബാലരമയും, ബാലമംഗളവും വായിക്കാന്‍ കൊതിച്ച് അടുത്ത വീടുകളില്‍ കറങ്ങി നടക്കുന്നതിനിടയില്‍ അവിടത്തെ ചേട്ടന്‍ മാരും ചേച്ചിമാരും പാതിവായിച്ച് മടക്കിവക്കുന്ന വലിയ പുസ്തകങ്ങള്‍ ആരുമറിയാതെ വായിച്ചു തുടങ്ങിയതു മുതല്‍ , മാധവികുട്ടിയുടെ ബാലാമണിയും, എം.ടിയുടെ അപ്പുണ്ണിയും ,ബഷീറിന്റെ പാത്തുമ്മയും എന്റെ സ്വപ്നത്തിലെ കളിക്കൂട്ടുകാരായി . മാധവികുട്ടിയെ പോലെ ബാല്യകാലസ്മരണകള്‍ എഴുതുന്നതും അങ്ങനെ ചില അവാര്‍ഡുകള്‍ വാങ്ങിയും ചിലത് നിരസിച്ചും വിവാദങ്ങള്‍ ഉണ്ടാക്കിയും പ്രശസ്തയാകുന്നത് ഞാന്‍ സ്വപ്നത്തില്‍ കണ്ടു. പക്ഷെ ഞാനെഴുതിയതൊന്നും വെളിച്ചം കണ്ടില്ലെന്നു മാത്രമല്ല, പഠിക്കുന്ന സമയത്ത് നോവലുകള്‍ വായിക്കുന്നത് കണ്ടുപിടിച്ച ഉമ്മയുടെ ചൂരല്‍ പ്രയോഗത്തിനു മുന്നില്‍ എന്റെ സാഹിത്യസ്വപ്നങ്ങളും ഞാന്‍ മുന്‍പു പറഞ്ഞ കുമിള പോലെ പൊട്ടിപ്പോയി...
എന്റെ പ്രണയ മോഹങ്ങള്‍
ചെറുപ്പത്തില്‍ തന്നെ പല പ്രണയങ്ങള്‍ക്കു സാക്ഷിയാകെണ്ടിവന്നതിനാലാവാം, മുട്ടത്തുവര്‍ക്കിയുടെയും മല്ലികായൂനസിന്റെയും, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും പൈങ്കിളിനോവലുകളിലെ നായകന്‍ മാരുടെ ഗുണങ്ങളുള്ള ,ഏറ്റുമാനൂറിന്റെ കഥയിലെ ഗന്ധര്‍വ്വനെ ഞാന്‍ പ്രണയിച്ചു തുടങ്ങി, വെള്ളാരങ്കണ്ണുകളും സ്വര്‍ണ്ണതലമുടിയും ഉള്ള അവന്‍ എന്നെ മാത്രം കാണാനായി നിലാവുള്ള രാത്രികളില്‍ തൂവെള്ള കുതിരപ്പുറത്ത് മഞ്ഞുമലകളിറങ്ങി വരുന്നത് ഞാന്‍ സ്വപ്നം കണ്ടു. പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയിലെപോലെ, യുഗ്മഗാനവും പാടി കെമിസ്ട്രി ലാബിലും എഴുത്തു പരീക്ഷകളിലും അവനെന്നെ സഹായിക്കുന്നതായി ഞാന്‍ മനോരാജ്യം കണ്ടു. പക്ഷേ ആരെയും അറിയിക്കാതിരുന്ന എന്റെ പ്രണയത്തിനും മറ്റു പ്രണയങ്ങളെപ്പോലെ കുമിളയുടെ അയുസ്സെ ഉണ്ടായിരുന്നുള്ളു...
എന്റെ കരിയര്‍ മോഹങ്ങള്‍
പ്രീഡിഗ്രിക്കു സെക്കന്റ് ഗ്രൂപ്പെടുത്തു തൃശൂരില്‍ എണ്ട്രന്‍സിനു ചെര്‍ന്നപ്പോള്‍ മുതല്‍ കഴുത്തില്‍ കുഴലുമായി നടക്കുന്ന ഡോക്ടറായിരുന്നു എന്റെ സ്വപ്നം നിറയെ. രണ്ടുതവണ എഴുതിയിട്ടും എണ്ട്രന്‍സ് കടമ്പ കടക്കാതിരുന്നപ്പോള്‍ എന്നത്തെയും പോലെ ആ സ്വപ്നവും എന്റെ ഭാഗ്യമൊ നിര്‍ഭാഗ്യമൊ സഫലീകരിക്കപ്പെട്ടില്ല. എന്നാല്‍ ഒരു ടീച്ചറെങ്കിലും ആവാമെന്നു കരുതി ബി,എഡും എടുത്തു ഗള്‍ഫിലേക്കു വന്ന ഞാനിവിടെ ഒരു പരസ്യകമ്പനിക്കു വേണ്ടി മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടിവ് അയി ജോലിചെയ്യുന്നു .എന്നിട്ടും സ്വപ്നത്തിനൊരു കുറവുമില്ല . കമ്പനി എംഡി തന്ന ടാര്‍ജറ്റും മറികടന്ന് ഒരു ഇങ്ക്രിമന്റും, എല്ലാ മാസവും ഇന്‍സന്റീവ്സും അതും കുമിളയെ പ്പോലെ ആകുമൊ...കണ്ടറിയണം
എന്റെ ബ്ലോഗു മോഹങ്ങള്‍
ഓഫീസിലൊരു പകല്‍ ,യാതൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്തയില്‍ കണ്ണുകളുടക്കി അതില്‍ നിന്നും കൊടകര പുരാണത്തെക്കുറിച്ചറിഞ്ഞ് , ബ്ലോഗു വായന തൂടങ്ങി . ദുബായില്‍ നിന്നും കൊടകരയിലേക്കു ഞാന്‍ മിനിറ്റുകള്‍കൊണ്ട് ദിവസവും യാത്ര നടത്തുകയായിരുന്നു. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും പാരവപ്പും അടങ്ങിയ കമന്റുകളില്‍ നിന്ന് മറ്റു ബ്ലോഗുകളിലെക്കും യാത്ര തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ കുഴിച്ചു മൂടിയ എന്റെ സാഹിത്യ സ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകു മുളച്ചു.അങ്ങനെ ഞാനും ഒരു ബ്ലോഗുകാരിയായി . ഇപ്പോള്‍ ഞാന്‍ സ്വപ്നം കാണുന്നത് എന്റെ കഥക്കു മറ്റുള്ളവര്‍ക്കാര്‍ക്കും കിട്ടാത്തത്ര കമന്റുകള്‍ കിട്ടണമെന്നും അങ്ങനെ അവസാനം എന്റെ എല്ലാ കഥകളുടെയും സമാഹാരം പബ്ലിഷ് ചെയ്യാന്‍ കറന്റ് ബുക്സും,ഡിസി ബുക്സുമൊക്കെ വന്ന് അപേക്ഷിക്കുമ്പോള്‍ പ്രശസ്തി എനിക്കു വേണ്ടെന്നു പറഞ്ഞ് അവരെ നിരാശരാക്കി തിരിച്ചയക്കൂന്നതാണ്, ഇതു അതിമോഹമോ... വ്യാമോഹമോ...എന്തെങ്കിലുമാകട്ടെ മോഹിച്ചുപോയി
ഇതെഴുതി തീര്‍ന്നപ്പോള്‍ വീണ്ടും ഒരു മോഹം ഇതിനെങ്കിലും ഒരു നൂറു കമന്റ് കിട്ടണെന്ന് പ്രിയ ബ്ലോഗു വായനക്കാരെ എന്റെ ഈ സ്വപ്നമെങ്കിലും കുമിള പോലെ പൊട്ടാതിരിക്കുമല്ലോ അല്ലേ ...
Saturday, June 30, 2007
Thursday, June 7, 2007
മുഖമില്ലാതെ
Subscribe to:
Posts (Atom)