Saturday, July 21, 2007

നിഴല്‍ തേടി അലഞ്ഞവള്‍

ക്ലോക്കിലെ കിളി ആറുതവണ പുറത്തെക്കുവന്നു ചിലച്ചപ്പോഴാണ് തനിക്കിറങ്ങാനുള്ള സമയമായെന്നു വിമല അറിഞ്ഞത്. ഫയലുകളെല്ലാം മടക്കി യധാസ്ഥാനത്തു വച്ച് അവള്‍ ഓഫീസില്‍ നിന്നും ഇറങ്ങി ബസ്റ്റാന്റിലേക്കു നടന്നു.
പതിവുപോലെ റോഡില്‍ നിറയെ ആളുകള്‍ . വഴിയോരത്തുള്ള കടകളെല്ലാം സജീവമായികൊണ്ടിരിക്കുന്നു. തിരക്കഭിനയിച്ചു നടക്കുന്ന പല മുഖങ്ങള്‍ക്കിടയില്‍ സ്ഥിരം കാണാറുള്ള ചില പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്കു നേരെ തിരിച്ചു നല്‍കാറുള്ള ചിരി പക്ഷെ ഇന്ന് ഒരു ഘോഷ്ടിയായെന്ന് അവള്‍ക്ക് തന്നെ തോന്നി.മനസ്സിന്റെ സംഘര്‍ഷം മറച്ചുവക്കാനൊരു വിഫല ശ്രമം നടത്തിയത് തുടക്കത്തില്‍ തന്നെ പാളിയപ്പോയതോര്‍ത്ത് അവളൊന്നു പരിഭ്രമിക്കാതിരുന്നില്ല. പന്ത്രണ്ടു വര്‍ഷമായി ഒരുമിച്ചു ജീവിച്ചിട്ടും ,തന്റെ ഭാവമാറ്റങ്ങള്‍ ഒരിക്കല്‍ പോലും ഭര്‍ത്താവായ സന്ദീപ് ശ്രദ്ദിച്ചിരുന്നില്ല പിന്നെന്തിനു പരിഭ്രമം . അവള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.

പക്ഷെ അമ്മു, തന്റെ പത്തു വയസ്സുകാരിയായ മകള്‍ ‍. അവളില്‍ നിന്ന് തനിക്കു മറച്ചുവക്കാനാകുമോ? പ്രായത്തില്‍ കവിഞ്ഞ‍ പക്വത അവള്‍ക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . ഈ കുഞ്ഞൂ പ്രായത്തിലും അവള്‍ക്കു ചെയ്യാനാകുന്ന എല്ലാ ജോലികളും , അനിയത്തിയായ അഞ്ചു വയസ്സുകാരി അനു വിന്റെ കാര്യങ്ങള്‍ പോലും വളരെ കൃത്യമായി നോക്കുന്നത് കണ്ട് താന്‍ പോലും അത്ഭുദപ്പെടാറുണ്ട് .

തന്റെ ഓര്‍മ്മകളിലെന്നും വിഷാദത്തിന്റെ നിഴലുകളുണ്ടായിരുന്നു. ആ നിഴള്‍പ്പാടുകള്‍ ജീവിതത്തില്‍ പടരാതിരിക്കാന്‍ അവള്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. മക്കളുടെ മുമ്പില്‍ എപ്പോഴും അവള്‍ സന്തോഷവതിയായി അഭിനയിക്കുകയാണ്.
ധൃതി പിടിച്ചു നടക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചുതുടങ്ങി . ഫ്ലാറ്റില്‍ നിന്ന് അമ്മുവാണ്

“ മമ്മി... ഇന്നു തഴ്സ്ഡെ അല്ലെ ഞാനും വാവയും നിസാന്റീടെ ഫ്ലാറ്റില്‍ കളിക്കാന്‍ പോട്ടെ.

ഹോം വര്‍ക്കെല്ലാം നാളെ ചെയ്താല്‍ പോരെ....“

സമ്മതം കൊടുത്തപ്പോള്‍ കുറെ മുത്തങ്ങള്‍ ഫോണിലൂടെ അവള്‍ നല്‍കി , അതുകണ്ട് അനുവും. അവരുടെ സന്തോഷമാണല്ലോ തനിക്കീ ലോകത്തിലേക്ക് വച്ച് ഏറ്റവും പ്രിയപ്പെട്ടത്. കുട്ടിയായിരുന്നപ്പോള്‍ അച്ചനാണ് തന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നതെന്ന് അവളോര്‍ത്തു . എന്നിട്ടും ജീവിതത്തിന്റെ നിര്‍ണ്ണായക നിമിഷത്തില്‍ തനിക്കിഷ്ടമില്ലെന്നറിഞ്ഞിട്ടും അച്ചന്റെ ഇഷ്ടം അടിച്ചേല്‍പ്പിക്കുകയായിരുന്നല്ലൊ.

“ സന്ദീപ്, അവനെന്താണൊരു കുറവ്? ... “ അച്ചന്റെ മാത്രമല്ല എല്ലാവരുടെയും ചോദ്യം അതായിരുന്നു. ദുബായില്‍ നല്ല ജോലി. സമ്പത്തിലും കുടുമ്പ മഹിമയിലും തന്റെ തറവാടിനെക്കാള്‍ മുമ്പില്‍ .

പക്ഷെ... എനിക്ക് ! മറന്നെന്ന് നടിച്ച ഓര്‍മ്മകള്‍ ,ഒരു മഴവെള്ളപ്പാച്ചില്‍ പോലെ മടങ്ങിവരുകയാണ്.അതിന്റെ ശക്തിയില്‍ അവളുടെ കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. വല്ലാത്ത ഹൃദയനൊമ്പരം. അതിന്റെ ഭാരം മുഴുവനും തന്റെ കാലുകളിലാണെന്നവള്‍ക്കു തോന്നി. ഓര്‍മ്മകളിലൂടൊഴുകി ബസ്റ്റാന്റിലെത്തിയത് അവള്‍ അറിഞ്ഞില്ല.

ഷാര്‍ജയിലേക്ക് യാത്ര ചെയ്യാനായി ആളുകളുടെ നീണ്ട വരി തന്നെയുണ്ട്. അവള്‍ ആദ്യം പോകുന്ന ബസ്സിനടുത്തേക്ക് നടന്നു. തിക്കി തിരക്കി വന്ന പാക്കിസ്ഥാനിയെ അറബിയില്‍ ചീത്തപറഞ്ഞുകൊണ്ട് ബസ്സിലേക്കു കയറുന്ന പര്‍ദ്ദയിട്ട ഒരു സ്വദേശിനിയുടെ പിറകിലൂടെ അവളും കയറി .` അരികിലെ സീറ്റില്‍ തന്നെ അവളിരുന്നു.



യാത്രയില്‍ എന്നും, തനിക്കേറ്റവും ഇഷ്ടം അരികിലെ സീറ്റിലിരിക്കാനായിരുന്നു.ആര്‍ത്തിരമ്പി മുഖത്ത് വന്നടിക്കുന്ന തണുത്ത കാറ്റിന്റെ കുളിരില്‍ , പിന്നിലേക്ക് മറയുന്ന കാഴ്ച്ചകളിലെ സൌന്ദര്യം ഓര്‍മ്മിച്ചെടുത്ത്, ആ യാത്രകള്‍ അവസാനിക്കുന്നതവള്‍ക്കിഷ്ടമല്ലായിരുന്നു.

പക്ഷെ... ഇന്ന് കണ്ടുമടുത്ത മരുഭൂമിയിലെ കാഴ്ച്ചകള്‍ അവളുടെ മനസ്സുപോലെ വരണ്ടുണങ്ങിയതായിരുന്നു. ഏറെ ഇഷ്ടമായിരുന്ന അസ്തമയ സൂര്യന്റെ നിറം പോലും അവല്‍ക്കു മടുപ്പു നല്‍കിയിരുന്നു , നിറങ്ങളും സ്വപ്നങ്ങളും ,കവിതയും, അവള്‍ക്കെന്നെ നഷ്ടമായി.

ഓഫീസിലെ റിസപ്ഷനില്‍ മാനേജരെ കാത്ത് സോഫയിലിരുന്നിരുന്ന ആള്‍ ,
“ അതു തന്റെ നന്ദേട്ടനായിരിക്കുമൊ?“ ആദ്യം അവള്‍ക്കു സംശയമായിരുന്നു. നന്ദേട്ടന്റെ രൂപസാദൃശ്യമുള്ള ആരെ കണ്ടാലും അവള്‍ക്കങ്ങിനെ പലപ്പോഴും തോന്നിയിരുന്നു. എന്നിട്ടും ശ്രദ്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരവസരത്തില്‍ കണ്ണുകള്‍തമ്മില്‍ കൂട്ടിമുട്ടിയപ്പോള്‍ അത്ഭുതം കൊണ്ട് വിടര്‍ന്ന മിഴികളുമായി നന്ദേട്ടന്‍ തന്റടുത്തേക്ക് ഓടിവരുകയായിരുന്നു
“വിമല... ഇവിടെ?...

“ ഈശ്വരാ...“ ഒരു നിമിഷത്തേക്ക് അവള്‍ക്ക് ചലിക്കാനായില്ല . പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം തന്റെ ഹൃദയത്തില്‍ പെരുമ്പറ കൊട്ടുന്നതായ് അവള്‍ക്കു തോന്നി . എന്തെല്ലാമൊ കുറെയേറെ അയാള്‍ പറഞ്ഞു. അന്നത്തെ നിസ്സഹായവസ്തയും മാപ്പപേക്ഷിക്കലും ജോലി,വിവാഹം, കുട്ടികള്‍ അങ്ങനെ പലതും . കൂട്ടത്തില്‍ നിനക്കു സുഖമാണൊ എന്ന ചോദ്യത്തിന് പെട്ടെന്നവള്‍ക്കു മറുപടിപറയാനായില്ല .

“അതെ... സുഖം തന്നെ, സ്നേഹനിധിയായ ഭര്‍ത്താവ്, മക്കള്‍, സ്വത്ത്, പദവി. ഒരു സ്ത്രീക്ക് സന്തോഷിക്കാന്‍ ഇതില്‍ കൂടുതലെന്തു വേണം...“ . വാക്കുകള്‍ ഇടറാതിരിക്കാന്‍ അവള്‍ പ്രയാസപ്പെട്ടു.

ബാഗിലിരുന്ന അയാളുടെ വിസിറ്റിങ്ങ് കാര്‍ഡ് അവളെടുത്തു നോക്കി . എപ്പോഴെങ്കിലും വിളിക്കണമെന്ന് പറഞ്ഞ് കാര്‍ഡ് കൈയില്‍ തരുമ്പോള്‍ അയാളുടെ കണ്ണിലെ തിളക്കത്തിന് പഴയ പ്രണയത്തിന്റെ തീക്ഷണതയുണ്ടായിരുന്നൊ? .



വര്‍ഷങ്ങള്‍ക്കു മുമ്പ്, കോളേജില്‍ നിന്നുള്ള മടക്കയാത്രയില്‍ ,റബ്ബര്‍ മരത്തിനു കീഴില്‍ പരസ്പരം ചാരിയിരുന്ന് , ഇരുണ്ട മേഘങ്ങള്‍ക്കിടയിലൂടെ കുന്നിന്‍ ചെരിവിലേ ക്ക് മറയുന്ന അസ്തമയ സൂര്യന്റെ ഭംഗികണ്ട്, ഏകാന്തതയുടെ സംഗീതം കേട്ട് , പിണങ്ങിയും ഇണങ്ങിയും, സ്വപ്നങ്ങള്‍ പങ്കുവച്ചും , മൌനമായിരുന്നു അവര്‍ക്കു സ്നേഹം .പകരം ഹൃദയങ്ങളായിരുന്നല്ലൊ സംസാരിച്ചിരുന്നത് .അന്ന് ആ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നത് തന്നോടുള്ള കടുത്ത ആരാധനയും , പ്രണയത്തിന്റെ അതിതീക്ഷണത്വവുമായിരുന്നു .
സന്ദീപിന്റെ കണ്ണുകളില്‍ എപ്പോഴെങ്കിലും തനിക്ക് പ്രണയം കാണാന്‍ കഴിഞ്ഞിരുന്നോ. അവിടെ എന്തായിരുന്നു ? ഉടമസ്ഥന് അവകാശിയുടെ മേലുണ്ടായിരുന്ന ആധിപത്യം. അവിടെ പങ്കുവക്കലില്ല. നിസ്സാര കാരണം മതിയല്ലൊ പിണങ്ങാന്‍ . ഇരുണ്ട മുഖത്തില്‍ കൂടുതല്‍ ഇരുള്‍ പടരും .

തനിക്ക് തിരിച്ചൊ? ... അടിമക്ക് യജമാനനോടുള്ള വിധേയത്വം .താലികെട്ടിയ പുരുഷനോടുള്ള കാലങ്ങളായി പിന്‍ തുടരുന്ന വിശ്വാസവും ധാര്‍മ്മികതയും അത് തനിക്ക് ജന്മാന്തരങ്ങളുടെ പവിത്രധ നല്‍കിയിരുന്നില്ല .തന്നെ സ്വര്‍ഗ്ഗത്തിന്റെ വിഹായസ്സുകളിലേക്കാനയിച്ചിരുന്നില്ല.

ഇരുട്ട് കനം വച്ച് തുടങ്ങിയിരിക്കുന്നു. മാനം മുട്ടുമെന്നു തോനിക്കുന്ന കെട്ടിടങ്ങളുടെ ഇടയിലൂടെ അറബിക്കടലിലേക്കു താണുകൊണ്ടിരിക്കുന്ന സൂര്യന് പതിവില്ലാത്ത വിധം വലുപ്പം തോനുന്നോ. അതിന്റെ ചുവപ്പിനു പതിവില്‍ കൂടുതല്‍ സൌന്ദര്യം അവള്‍ക്കു തോന്നിച്ചു.

ഫ്ലാറ്റിലെത്തിയിട്ടും , പതിവുപോലെ തന്റെ ജോലികളില്‍ മുഴുകുമ്പോഴും അവളുടെ മനസ്സ് ഇരുണ്ട ആകാശച്ചെരുവിലെവിടെയോ മഴവില്ലുതിച്ചതുകണ്ട് നൃത്തം വക്കുന്ന മയിലിനെ പോലെ , പഴയ വര്‍ണ്ണങ്ങളില്‍ പീലിവിടര്‍ത്തി ആടുകയാണ്.
പതിവു പോലെ വൈകിയെത്തിയ സന്ദീപിന്റെ കണ്ണുകളിലെ ചുവപ്പും,അന്തരീക്ഷത്തില്‍ പടരുന്ന രൂക്ഷഗന്ധവും അവളില്‍ മടുപ്പുളവാക്കി. രാത്രി ഉറക്കം വരാതെ മങ്ങിയ ഇരുട്ടില്‍ അവള്‍ കണ്ണു തുറന്നു കിടന്നു.സന്ദീപിന്റെ കൂര്‍ക്കം വലി കേള്‍ക്കുന്നുണ്ട്. തൊട്ടടുത്തു കിടന്നിട്ടും തങ്ങള്‍ തമ്മില്‍ ഒരുപാടകലെയാണെന്ന് അവള്‍ക്കു തോന്നി. ശബ്ദമുണ്ടാക്കാതെ അവള്‍ മുറിവിട്ട് ബാല്‍ക്കണിയിലെക്ക് ഇറങ്ങിനിന്നു .

പുറത്ത് ,നിലാവില്‍ മുങ്ങി നില്‍ക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .ചില കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും നിയോണ്‍ ബബുകളുടെ പ്രകാശം പുറത്തേക്ക് എത്തിച്ച് നൊക്കുന്നു. ആ എകാന്തതയിലും അകലെ നിന്ന് ഒരു നേര്‍ത്ത സംഗീതം അവളെ മുഗ്തവും ആര്‍ദ്രവുമാക്കി. അവളിപ്പോള്‍ പഴയ വിമലയായി കഴിഞ്ഞിരുന്നു. സ്നേഹം ,അതിന്റെ തീവ്രതയും വേദനയും അവള്‍ക്ക് തിരിച്ചു കിട്ടിയിരിക്കുന്നു.
എന്തൊ തട്ടിമറിയുന്ന ഒച്ച കേട്ട് അവള്‍ സ്വപ്നലോകത്തില്‍ നിന്നുണര്‍ന്നു. മുറിയിലെക്ക് ചെന്ന് ലൈറ്റിട്ട് നോക്കിയ അവള്‍ കണ്ടത് നെഞ്ചില്‍ കൈ വച്ച് വേദന കൊണ്ട് പുളയുന്ന സന്ദീപിനെയാണ്. അവള്‍ ഓടി അടുത്തെക്ക് ചെന്ന് നെഞ്ചില്‍ തലോടി അവളും തളര്‍ന്നിരുന്നു. അയാളാകെ വിയര്‍ത്തു കുളിക്കുന്നുണ്ട് . ഉടനെ അവള്‍ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന നിസയുടെ യും, ഭര്‍ത്താവിന്റെ യും സഹായത്തോടെ സന്ദീപിനെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഐ .സി. യു വില്‍ കിടക്കുന്ന സന്ദീപിനെ വല്ലാത്തൊരു കുറ്റബോധത്തോടെ അവള്‍ നോക്കിനിന്നു . കരഞ്ഞു തളര്‍ന്ന മക്കളെ ചേര്‍ത്തുപിടിച്ച് അവള്‍ തന്റെ താലിക്കായി ഈശ്വരനോട് യാചിച്ചു. അയാളോടുള്ള വിരോധം അലിഞ്ഞില്ലാതായിക്കഴിഞ്ഞിരുന്നു. ഇത്രയും നേരം താനൊരു മൂഡ സ്വര്‍ഗ്ഗത്തിലായിരുന്നെന്നും,ഇപ്പോഴാണ് യാഥാര്‍ത്യത്തിലേക്ക് തിരിച്ചു വന്നതെന്നും അവള്‍ക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു.

ഒരു വേള കണ്ണുതുറന്ന സന്ദീപ് അവളെയും കുഞ്ഞുങ്ങളെയും അന്വേഷിച്ചു.അടുത്തേക്ക് ചെന്ന അവളോട് അയാള്‍ പതിയെ പറഞ്ഞു

“വിമലാ... മരിക്കുന്നതിലല്ല വിഷമം നിന്നെയും കുഞ്ഞുങ്ങളെയും പിരിയേണ്ടി വരുമല്ലോ എന്നോര്‍ത്തായിരുന്നു... “ ഒരു തേങ്ങലോടെ അവള്‍ അയാളുടെ മാറിലെക്ക് വീണു . അവള്‍ക്കയാളെ തന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ തോന്നി. ചെയ്ത തെറ്റുകള്‍ക്കെല്ലാം മൌനമായ് അയാളവളോട് മാപ്പ് ചോദിച്ചു കൊണ്ടിരുന്നു.

ഭര്‍ത്താവിന്റെ ഹൃദയത്തില്‍ കാമുകനെ തിരഞ്ഞ അവള്‍ ഇത്രയും കാലം താന്‍ തന്റെ നിഴലിനെ തന്നെ തേടി അലയുകയായിരുന്നെന്ന യാഥാര്‍ത്യം ഉള്‍ക്കൊണ്ട് , വൈകി തിരിച്ചറിഞ്ഞ ഒരു വസന്തകാലത്തിലേക്ക് അവള്‍ തന്റെ ആദ്യ ചുവടുവച്ചു.

Sunday, July 15, 2007

ഉത്രാളിക്കാവ് അമ്പലം

ഇത് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഉത്രാളിക്കാവ് അമ്പലം .
വെടിക്കെട്ടിനു പ്രാധാന്യമുള്ള തൃശൂര്‍ പൂരം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഉത്രാളിക്കാവിലെ
പൂരത്തിനു തന്നെ

വളരെ പണ്ട് , പാടത്ത് കുറച്ചു ചെറുമികള്‍ നെല്ലു കൊയ്യുകയായിരുന്നത്രെ. അതില്‍
അരിവാളിനു മൂര്‍ച്ചകൂട്ടാന്‍ ‍ ഉത്രാളി എന്നു പേരുള്ള ഒരു ചെറുമി ഒരു കല്ലിനരുകില്‍ ചെന്നു. മൂര്‍ച്ചകൂട്ടുന്നതിനിടയില്‍ കല്ലില്‍ നിന്നും വന്ന രക്തം കണ്ട് ചെറുമിക്ക് ബോധക്കേടുണ്ടായി. ഓടിവന്ന മറ്റാരും അതുകണ്ടിരുന്നില്ല പോലും. ബോധം വന്ന ഉത്രാളി ചെറുമി ആ കല്ലില്‍ ദേവിയുടെ സാന്നിധ്യം അറിയിച്ചു. പ്രശ്നം വച്ചു നോക്കിയപ്പോള്‍ അതു സത്യവുമായിരുന്നു. ദേവികടാക്ഷം കിട്ടിയ ഉത്രാളി ചെറുമിയുടെ പേരിലാണത്രെ പിന്നീട് ആ അമ്പലം പ്രശസ്തമായത്.


എത്രയെത്ര ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ടാവണം ഈ അരയാല്‍ മുത്തശ്ശി




അമ്പല പരിസരം .
പച്ച വിരിച്ച പാടങ്ങള്‍ , കൂരിരുള്‍ നിറഞ്ഞ അകമല കാട്

തൊട്ടടുത്ത് വടക്കാഞ്ചേരി റെയില്‍ പാതയും